പ്രതിഫലം പോരെന്ന് പറഞ്ഞ് കടയുടെ ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ശ്രമിച്ച ഭാമയെ നാട്ടുകാര്‍ തടഞ്ഞുവെന്ന വാര്‍ത്തയ്‍ക്ക് വിശദീകരണവുമായി ഭാമ. താന്‍ ചതിക്കപ്പെടുകയാണെന്നാണ് ഭാമ ഫേസ്ബുക്കില്‍ പറയുന്നത്.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുവാറ്റുപുഴയിലെ ടെക്സ്റ്റൈൽ ഷോപ്പിന്റെ മനേജിങ്ങ് ഡയറക്ടർ എന്ന പേരില്‍ ശ്രീജിത്ത് രാജാമണി എന്നയാളാണ് സമീപിച്ചത്. രണ്ടരലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കാമെന്ന് പറഞ്ഞത്. ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കാമെന്നും ബാക്കി തുക ഉദ്ഘാടനത്തിനു ശേഷം നല്‍കാമെന്നുമായിരുന്നു പറഞ്ഞത്. പക്ഷേ 15000 രൂപ മാത്രമാണ് അഡ്വാൻസായി കിട്ടിയത്. എങ്കിലും ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഉദ്ഘാടനത്തിനു പോകുകയായിരുന്നു. അവിടെയെത്തി രാജാമണിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ബാക്കി പ്രതിഫലത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. തന്റെ പേരില്‍ 50000 രൂപ വാങ്ങി ശ്രീജിത്ത് രാജാമണി വാങ്ങിയിരുന്നു. മാത്രവുമല്ല താന്‍ ഉദ്ഘാടനത്തിനായി ഒരു ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു ശ്രീജിത്ത് രാജാമണി സംഘാടകരോട് പറഞ്ഞിരുന്നത്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെയല്ല മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്. വഞ്ചിക്കപ്പെട്ടതിന് എതിരെ നിയമത്തിന്റെ വഴിക്ക് നീങ്ങും. ഇത്തരം വഞ്ചകന്‍മാര്‍ നിയമത്തിന്റെ മുന്നില്‍ കുടുങ്ങും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.

ശ്രീജിത്ത് രാജാമണിയുടെ ഫേസ്ബുക്ക് പ്രൊഫൈലും ഭാമ ഷെയർ ചെയ്‍തിട്ടുണ്ട്.