തൃശ്ശൂര്‍: നല്ല റോളുകള്‍ വന്നാല്‍ സിനിമയില്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് നടി ഭാവന. വിവാഹത്തോടെ ഇനി സിനിമയിലേക്കില്ല എന്ന് പറയില്ലെന്നും വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് ഭര്‍ത്താവ് നവീനും താല്‍പ്പര്യമില്ലെന്നും ഭാവന ഒരു വനിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കരിയര്‍ തുടരണം എന്നാണ് നവീന്‍ പറഞ്ഞിരിക്കുന്നത്.
എന്നും പിന്തുണച്ചിരുന്ന മലയാള സിനിമയെ ഒരിക്കലും വിട്ടു പോകില്ലെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളുരുവില്‍ നിന്നും കൊച്ചിയില്‍ എത്തിയ നവീന്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നു. അതോടെയാണ് അഞ്ചു വര്‍ഷം നീണ്ട പ്രണയം എല്ലാവരും അറിഞ്ഞതെന്നും ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഭാവന പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്റെ നാടായ കര്‍ണാടകയിലേക്ക് പോകുകയാണ് താരം.
ഭര്‍ത്താവിന്‍റെ കുടുംബത്തിലെ ആചാരപ്രകാരം വിവാഹം കഴിഞ്ഞാല്‍ കുറേ കാലമെങ്കിലും അച്ഛനമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടത് എന്നും അമ്മയില്ലാത്തതിനാല്‍ നവീന്‍ഖെ പിതാവ് തനിച്ചാണെന്നും അതുകൊണ്ട് തല്‍ക്കാലം മറ്റൊരിടത്തേക്ക് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ബംഗലുരുവിലെ റിസിപ്ഷന്‍ കൂടി കഴിഞ്ഞ ശേഷമേ യാത്രകള്‍ പ്‌ളാന്‍ ചെയ്യുന്നുള്ളൂ എന്നും താരം പറഞ്ഞിട്ടുണ്ട്.
