കൊച്ചി: ദിലീപ് – കാവ്യ മാധവൻ വിവാഹത്തിന് പങ്കെടുക്കാത്തവരില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട അസാന്നിധ്യമായിരുന്നു നടി ഭാവനയുടെത്. അഞ്ചോളം ദിലീപ് ചിത്രങ്ങളില്‍ നായികയായ ഭാവന എന്തുകൊണ്ട് ദിലീപിന്‍റെ വിവാഹ വേദിയില്‍ എത്തിയില്ലെന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒപ്പം പലതരം അഭ്യൂഹം നിറഞ്ഞ വാര്‍ത്തകളും പരന്നു. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഭാവന നിലപാട് വ്യക്തമാക്കി.

വിവാഹത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്നും അതു കൊണ്ടാണ് ‌പോകാതിരുന്നതെന്നും ഭാവന വ്യക്തമാക്കുന്നു. വിവാഹം ദിലീപിന്‍റെയും ഭാവനയുടെയും വ്യക്തിപരമായ കാര്യമാണെന്നും വിളിച്ചിട്ടും താൻ അവിടെ പോകാത്തതാണെന്ന തരത്തിലുള്ള വാർത്തകൾ‌ വ്യാജമാണെന്നും ഭാവന  പറയുന്നു.

ഇത്തരത്തില്‍ പ്രചരിക്കുന്ന വാർത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്നും ഭാവന വ്യക്തമാക്കി. ദിലീപിന്റെയും കാവ്യയുടെയും വിവാഹം തന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവന കൂട്ടിച്ചേർത്തു. 

ദിലീപ് – മഞ്ജു വിവാഹബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണം ഭാവനയാണെന്നും, ദിലീപ് – കാവ്യ വിവാഹത്തിന് ക്ഷണം  ഉണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നുമൊക്കെ തുടങ്ങി പല വാർത്തകളും പ്രചരിച്ചിരുന്നു. ഹണി ബീ 2–വിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്.