അസം സ്വദേശിനിയായ അഭിനേത്രിയും ഗായികയുമായ ബിദിഷ ബെസ്ബാരു മരിച്ച നിലയില്‍. തിങ്കളാഴ്ച്ച രാവിലെ ഗുഡ്ഗാവിലെ ഫ്ലാറ്റില്‍ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ബിദിഷയെ കാണപ്പെട്ടത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് നിഷീധ് ജായെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 27 കാരിയായ ബിദിഷ രണ്‍ബീര്‍ കപൂര്‍ നായകനായി അടുത്ത കാലത്തിറങ്ങിയ ബോളിവുഡ് ചിത്രത്തില്‍ നായികയായിരുന്നു. നിരവധി സീരിയലുകളിലെ പ്രധാന വേഷങ്ങള്‍ ബിദിഷ കൈകാര്യം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച്ച വൈകിട്ട് 7.30 നാണ് ബിദിഷയുടെ മൃതദേഹം പോലിസ് കണ്ടെടുക്കുന്നത്. മരണത്തിന് തൊട്ട്മുന്‍പ് ബിദിഷ തന്നെ വിളിച്ചിരുന്നതായ് പിതാവ് അശ്വനി കുമാര്‍ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നെങ്കിലും മകള്‍ വിവാഹ ജീവിതത്തില്‍ സന്തുഷ്ടയായിരുന്നില്ല. അടുത്തിടെ മുംബൈയില്‍ നിന്ന് ഗുഡ്ഗാവിലേക്ക് താമസം മാറ്റിയ അവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുകയാണെന്നാണ് പിതാവ് പറഞ്ഞത്. താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മകള്‍ ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് നിഷീധിനെ വിളിച്ച് മകളുടെ മാനസികാവസ്ഥ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അവയെല്ലാം അവഗണിക്കുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചിട്ടും മറുപടിയൊന്നം ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിഷീധിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധമായിരിക്കാം അത്മഹത്യയുടെ കാരണമെന്നാണ് പിതാവിന്റെ പ്രതികരണം. ഗുജറാത്ത് സ്വദേശിയായ നിഷീധുമായുള്ള വിവാഹം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു നടന്നത്. നിഷീധും ബിദിഷയും ചേര്‍ന്ന് ഒരു പി.ആര്‍ ഏജന്‍സിയും നടത്തിവരുന്നുണ്ട്. മുംബൈയിലായിരുന്ന താന്‍ ബിദിഷയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിക്കുകയായിരുന്നുവെന്നാണ് നിഷീധ് പറഞ്ഞത്. എന്നാല്‍ നിഷീധും ബിദിഷയും തമ്മില്‍ ഫോണിലൂടെ വഴക്കുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത്. ഇവരുടെ ഫോണ്‍, വാട്സ്ആപ്, ഫേസ്ബുക്ക് സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയാണ്.
