ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്.  17 മത്സരാർഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്

മുംബൈ: മലയാളത്തിലെ ബിഗ്ബോസ് ആദ്യ സീസണ്‍ വിജയകരമായി സമീപിച്ചതോടെ മലയാളിക്ക് അന്യഭാഷയിലെ ബിഗ്ബോസ് ഷോകളിലും താല്‍പ്പര്യം ജനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യമായി മലയാളി പങ്കെടുക്കുന്ന ഹിന്ദി ബിഗ്ബോസ് ഷോയിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടു. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി ബിഗ്ബോസിന്‍റെ അവതാരകന്‍.

ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. 17 മത്സരാർഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയിൽ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്‍റെ പ്രതിഫലം. ഗായകൻ അനൂപ് ജലോതയ്ക്ക് ആഴ്ചയിൽ 45 ലക്ഷമാണ് പ്രതിഫലമായി നൽകുന്നത്. പെണ്‍സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. 65കാരനായ അനൂപിന്‍റെ കാമുകിയുടെ പ്രായം 29ഉം. 

ടെലിവിഷൻ താരം കരൺവീർ ബൊഹ്റയ്ക്കും നടി നേഹ പെൻഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കർ തൊട്ടുപുറകിലുണ്ട്. 100 ദിവസമാണ് ഷോ നടക്കുക. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഷോയില്‍ തുടരുന്നുണ്ട് ശ്രീ.