ക്യാപ്റ്റൻസി ടാസ്കിൽ രഞ്ജിനിയോട് പരാജയപ്പെട്ട ബഷീർ വളരെയധികം അവശനായി കാണപ്പെട്ടു. ഒരു ടാസ്കിൽ പരാജയപ്പെട്ടത് മാത്രമല്ല ഷിയാസിനെപ്പറ്റി ബഷീർ ശ്രീനേഷിനോടും , സുരേഷ് ഏട്ടനോടും പറഞ്ഞത് തീർത്തും വിചിത്രമായി തോന്നി ബിഗ് ബോസ് ഹൗസിലെ ചില സദാചാര പ്രസംഗങ്ങള്‍ - ബൊവാസ് ജോണ്‍ തോമസ് എഴുതുന്നു

ബിഗ് ബോസിന്റെ തുടക്കം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന മത്സരാർത്ഥികളിൽ മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്ന ആളാണ് ബഷീർ ബാഷി. രണ്ടു ഭാര്യമാർ ഉള്ള ഇദ്ദേഹത്തിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയി മാറിയിരുന്നു. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു എങ്കിലും ഹൗസിലെ മര്യാദ രാമൻ ഏന്ന നിലയിലും പേളിയുമായുള്ള ഫ്രണ്ട്ഷിപ്പും ഇദ്ദേഹത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഇദ്ദേഹത്തിന്റെ പ്രകടനം വളരെയധികം നിരാശ ഉളവാക്കി. മാത്രമല്ല ക്യാപ്റ്റൻസി ടാസ്കിൽ രഞ്ജിനിയോട് പരാജയപ്പെട്ട ബഷീർ വളരെയധികം അവശനായി കാണപ്പെട്ടു. ഒരു ടാസ്കിൽ പരാജയപ്പെട്ടത് മാത്രമല്ല ഷിയാസിനെപ്പറ്റി ബഷീർ ശ്രീനേഷിനോടും , സുരേഷ് ഏട്ടനോടും പറഞ്ഞത് തീർത്തും വിചിത്രമായി തോന്നി.സംഗതി ഇതാണ്

ഹിമയ്ക്ക് ലഭിച്ച ശിക്ഷയായിരുന്നു ഹൗസ് മേറ്റ്സിന് ഹെഡ് മസാജ് നൽകുക എന്നത് ഇതിനായി ഷിയാസ് ടവ്വൽ മാത്രം ഉടുത്ത് ഹിമയോടൊപ്പം ഇരിക്കുന്നതും ഹിമ ഹെഡ് മസാജ് നൽകിയതും ആണ് ബഷീറിനെ ചൊടിപ്പിച്ചത്. ബഷീറിന്റെ വാക്കുകളിൽ ഷിയാസ് ചെയ്തത് ശരിയായില്ല എന്നും ഷിയാസിന്റെ സുഹൃത്തുക്കളും വീട്ടുകാരും കാണുന്നത് കൊണ്ട് വില കളയാതെ മാന്യമായി പെരുമാറണം എന്നുമാണ് ബഷീറിന്റെ അഭിപ്രായം.

ഷിയാസ് ടവ്വൽ ഉടുത്തത് ആണോ , ഹിമ മസാജ് നൽകിയത് ആണോ പ്രശ്നം എന്ന് മാത്രം മനസിലായില്ല. അതോ ഇതൊക്കെ കണ്ടാൽ സദാചാരം ഇടിഞ്ഞു വീഴുന്ന പ്രേക്ഷകർ ആണ് ബിഗ് ബോസ് കാണുന്നത് ഏന്നാണോ ബഷീർ മനസിലാക്കി വച്ചിരിക്കുന്നത് ?

ഏതായാലും ഈ രംഗം വളരെ സ്വാഭാവികമായ ഒന്നാണെന്നും മോശമായി യാതൊന്നും ഇല്ല എന്നും പ്രേക്ഷകർ എപ്പിസോഡിൽ കണ്ടതാണ്. ഈ സംഭവം ചർച്ച ആയപ്പോൾ പോലും അതേ എപ്പിസോഡിൽ ഹിമ ഒരു മുതിർന്ന സഹോദരിയെപ്പോലെ ആണെന്ന് ഷിയാസ് പറയുന്നുമുണ്ട്.

ബഷീറിന്റെ ഈ സദാചാരപ്രസംഗം ഇദ്ദേഹത്തിന്റെ പുരോഗമനവാദം സ്വന്തം ജീവിതത്തിൽ മാത്രമേ ഉള്ളുവെന്നും മറ്റൊരാളുടെ ജീവിതത്തെ സദാചാര കണ്ണോടെ മാത്രമേ കാണാൻ കഴിയു എന്നുമുള്ള മലയാളി പൊതുബോധം വ്യക്തമാക്കി. ഏതായാലും ആദ്യ ദിവസങ്ങളിൽ അല്പം മോശം അഭിപ്രായം ലഭിച്ച ഷിയാസിന്റെ സംസാരവും പെരുമാറ്റവും ഹൗസിനെ ഒന്ന് ഉഷാർ ആക്കി മാറ്റുന്നുണ്ട്.