ലൈംഗികാരോപണം: കോസ്‍ബിയേയും പൊളാൻസ്‍കിയേയും ഒസ്‍കർ അക്കാദമിയിൽ നിന്ന് പുറത്താക്കി
ലൈംഗികാരോപണ കുരുക്കിൽപ്പെട്ട നടൻ ബിൽ കോസ്ബിയേയും സംവിധായകൻ റൊമാൻ പൊളാൻസ്കിയേയും ഒസ്കർ അക്കാദമിയിൽ നിന്ന് പുറത്താക്കി. വോട്ടെടുപ്പിലൂടെയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസിൽ നിന്ന് ഇരുവരേയും പുറത്താക്കിയത്.
സ്വഭാവഹത്യ ആരോപിച്ചാണ് ലോകത്തെ ഏറ്റവും തിളക്കമേറിയ പുരസ്കാര നിർണയ സമിതിയിൽ നിന്ന് കോസ്ബിയേയും പോളാൻസ്കിയേയും ഓസ്കർ അക്കാദമി പുറത്താക്കിയത്. ഇരുവർക്കുമെതിരെ ഉയർന്ന ലൈംഗികാരോപണം ഉയർത്തിക്കാട്ടി നടപടി എടുക്കണമെന്ന ആവശ്യം സജീവമായിരുന്നു. ഇതേതുടർന്ന് തീരുമാനമെടുക്കാനായി നടത്തിയ വോട്ടെടുപ്പിൽ ഇരുവരേയും പുറത്താക്കണമെന്ന ആവശ്യത്തിന് മുൻതൂക്കം ലഭിച്ചു. തൊട്ടു പിന്നാലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസിൽ നിന്ന് നടൻ ബിൽ കോസ്ബിയേയും സംവിധായകൻ റൊമാൻ പൊളാൻസ്കിയേയും പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ പ്രമുഖ നിർമ്മാതാവ് ഹാർവേ വെയ്ൻസ്റ്റീന്റെയും നടൻ കാർമൈൻ കരീദിയുടേയും വഴി സ്വീകരിച്ച് പുറത്തെത്തുന്ന മൂന്നാമനും നാലാമനുമായി ഇരുവരും. നിരവധി ഹോളിവുഡ് നടിമാർ ലൈംഗികാരോപണം ഉന്നയിച്ച പ്രമുഖ നിർമ്മാതാവ് ഹാർവേ വെയ്ൻസ്റ്റീനെ കഴിഞ്ഞ ഒക്ടോബറിലാണ് അക്കാദമിയിൽ നിന്ന് പുറത്താക്കിയത്. അക്കാദമി അംഗങ്ങൾക്ക് ലഭിച്ച സിനിമയുടെ പകർപ്പ് പരസ്യപ്പെടുത്തിയതിനാണ് 2004ൽ കരീദിയെ പുറത്താക്കിയത്. കോസ്ബിയേയും പൊളാൻസ്കിയേും പുറത്താക്കിയതിലൂടെ പൊതുസമൂഹത്തോടുള്ള ധാർമ്മികത തെളിയിച്ചിരിക്കുകയാണെന്ന് അക്കാദമി പിന്നീട് വാർത്താകുറിപ്പിലൂടെ വിശദീകരിച്ചു. അംഗങ്ങൾ പൊതുസമൂഹത്തിന്റെ അന്തസ് ഉയർത്തി പിടിക്കുന്ന തരത്തിൽ പെരുമാറണമെന്ന നിഷ്കർഷ തുടരുമെന്നും അക്കാദമി വ്യക്തമാക്കി. 42 വർഷങ്ങൾക്ക് മുമ്പ് 13കാരിയെ ബലാത്സംഗം ചെയ്തതാണ് പൊളാൻസ്കിക്ക് വിനയായതെങ്കിൽ 2004ൽ നടത്തിയ പീഡനത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതാണ് കോസ്ബിക്കെതിരായ നടപടിക്ക് കാരണമായത്.
