സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം തെറിയില്‍ വില്ലനായെത്തിയ ഫോര്‍ട്ടുകൊച്ചിയിലെ ടൈല്‍സ് പണിക്കാരന്‍ ബിനീഷ് ബാസ്റ്റ്യന്‍ നായക പ്രാധാന്യമുളള വേഷത്തിലെത്തുന്നു. ദം എന്ന മലയാളസിനിമയില്‍ ലാലിനൊപ്പമാണ് ബിനീഷ് അഭിനയിക്കുന്നത്.

മീശ പിരിച്ച് മുഖത്ത് വന്യതയുമായി തെരിയില്‍ അഭിനയിച്ച ബിനീഷ് ബാസ്റ്റ്യനെ സിനിമാപ്രേമികള്‍ക്ക് മറക്കാറായിട്ടില്ല. ടൈല്‍സ് പണിയുടെ ഇടവേളയില്‍ വീണുകിട്ടിയ വേഷമായിരുന്നു തെറിയിലേത്. ഇത്തവണ പക്ഷെ വില്ലന്‍ വേഷത്തിലല്ല ബിനീഷ് എത്തുന്നത്. അനുരാം സംവിധാനം ചെയ്ത ദം എന്ന സിനിമയില്‍ നായകനൊപ്പം പ്രാധാന്യമുളള വേഷമാണ്. മുമ്പ് എണ്‍പതോളം മലയാളസിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഭാഗ്യം തെളിയുന്നത് ഇപ്പോഴാണ്.

തെറി ഇറങ്ങിയ ശേഷം തന്‍റെ ഉപജീവനമാര്‍ഗമായ ടൈല്‍സ് പണിക്കിറക്കാന്‍ ബിനീഷിന് അധികം സമയം കിട്ടിയിട്ടില്ല. എന്നാല്‍ സിനിമയില്ലെങ്കില്‍ വീണ്ടും പഴയ പണിക്കിറങ്ങാന്‍ മടിയില്ലെന്ന് ബിനീഷ് മടിയില്ലാതെ പറയുന്നു.

ഇനിയും ഒട്ടേറെ സിനിമകള്‍ ബിനീഷിനെ കാത്തിരിക്കുന്നുണ്ട്. വില്ലനായി സിനിമയില്‍ തുടക്കം കുറിച്ച ബിനീഷിന് നായകവേഷത്തേക്കാള്‍ താത്പര്യം കോമഡി കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്.