മുംബൈ: സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയെച്ചൊല്ലിയുളള തർക്കം തുടരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ബിജെപിയുടേയും ഹൈന്ദവ സംഘടനകളുടേയും എതിർപ്പ് രൂക്ഷമാകുകയാണ്. ഇതിനിടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി തളളി. 

പദ്മാവതിയെ വിവാദങ്ങള്‍വിടാതെ പിന്തുടരുകയാണ്. പോസ്റ്ററുകളും ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും ചിത്രം പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപിയും ഹൈന്ദവ സംഘടനകളും. ചിത്രത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും സെൻസർ ബോർഡിനും കത്തെഴുതിയിരിക്കുകയാണ് ബിജെപി എംഎല്‍എ രാജ് പുരോഹിത്. ചിത്രം നിരോധിക്കണമെന്നും സംവിധായകനെതിര രാജ്യദ്രോഹ കുറ്റം ചുമത്തണം എന്നുമാണ് പുരോഹിതന്‍റെ ആവശ്യം. 

ഹിന്ദുത്വത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കാൻ വിദേശത്ത് നിന്ന് ഫണ്ട് കിട്ടുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തി. ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഹരിയാന മന്ത്രിയായ അനിൽ വിജിന്‍റെ നിലപാട്. ഇതിനിടെ ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തളളി.സെൻസ‍ർ നടപടി പൂർത്തിയാകുന്നതിന് മുൻപ് ചിത്രത്തിനെതിരെ നടപടിയെടുക്കുന്നതിന്‍റെ അനൗചിത്യം കോടതി ചൂണ്ടിക്കാട്ടി. 

ചരിത്രത്തില്‍ രജപുത്ര രാജ്ഞിമാരെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ചിത്രത്തെ എതിർക്കുന്നവരുടെ വാദം. വെല്ലുവിളികൾക്കിടയിലും ഡിസംബ‍ർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.