അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമായ പദ്മാവതി റിലീസ് ചെയ്യുന്നത് തടയണമെന്ന ആവശ്യവുമായി ബി.ജെ.പി. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്‍റ് ഐ.കെ ജഡേജ പറഞ്ഞു. 

ഗുജറാത്തിലെ 17 ജില്ലകളിലെ ക്ഷത്രീയ സമുദായങ്ങളില്‍ നിന്ന് ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സമുദായത്തിന്‍റെ വികാരവും വ്രണപ്പെടാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജഡേജ പറഞ്ഞു. വിജയ് നായകനായ മെര്‍സലിന് പിന്നാലെയാണ് പദ്മാവതിയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

ഡിസംബര്‍ ഒന്നിനാണ് പത്മാവതി ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ ഒമ്പത്, പതിനാല്‍ തിയ്യതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. രജപുത്ര സംസ്‌ക്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.

കൂടാതെ ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘമാണ് രംഗോലി നശിപ്പിച്ചത്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു. റാണി പദ്മാവതിയായി ദീപിക പദുക്കോണ്‍ ചുവടുവയ്ക്കുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി.