ഇന്‍റർനെറ്റിൽ പ്രചരിച്ച നഗ്നദൃശ്യത്തിന്‍റെ പേരിൽ ആക്ഷേപവുമായെത്തിയ സദാചാര വാദികൾക്ക് ഒരു നടി നൽകിയ മറുപടിയാണ് ഇപ്പോൾ കന്നഡ സിനിമാലോകത്തെ ചർച്ച. ദണ്ഡുപാളയ രണ്ട് എന്ന സിനിമയിൽ നഗ്നയായി അഭിയനിച്ച സഞ്ജന ഗൽറാണി കന്നഡ സംസ്കാരത്തെ അപമാനിച്ചെന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ ദൃശ്യങ്ങളിലുളളത് തന്‍റെ ശരീരമല്ലെന്ന് വിശദീകരിച്ച നടി അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും വിമർശകരോട് തിരിച്ചുചോദിക്കുന്നു.
കഴിഞ്ഞ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ ദണ്ഡുപാളയ രണ്ടിലെ ദൃശ്യങ്ങൾ പടരുകയാണ്. ബെംഗളൂരുവിലെ ഗുണ്ടാസംഘങ്ങളുടെ കഥ പറയുന്ന ദണ്ഡുപാളയ രണ്ട് എന്ന സിനിമയിൽ നിന്ന് സെൻസർ ബോർഡ് വെട്ടിമാറ്റിയ രംഗങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങൾ ചിത്രീകരിച്ചവ. നടി സഞ്ജന ഗൽറാണിയാണ് ദൃശ്യങ്ങളിൽ നഗ്നയായി പ്രത്യക്ഷപ്പെടുന്നത്. ഇത് പുറത്തായപ്പോൾ പലകോണുകളിൽ നിന്ന് വിമർശനങ്ങൾ വന്നു.ഇത് ഹോളിവുഡല്ല സാൻഡൽവുഡാണെന്നും കന്നഡ സംസ്കാരത്തിന് ചേർന്നതല്ലെന്നും നടി മാപ്പുപറയണമെന്നും ആവശ്യമുയർന്നു. ആക്ഷേപങ്ങൾ അതിരുകടക്കാൻ തുടങ്ങിയപ്പോൾ നടി മറുപടിയുമായെത്തി.. തന്‍റെ സമ്മതത്തോടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ആരും സദാചാരം പഠിപ്പിക്കേണ്ട. അത്തരം രംഗങ്ങൾ തന്‍റേടത്തോടെ ചെയ്യുന്നതിൽ എന്താണ് കുഴപ്പം,സഞ്ജന ചോദിച്ചു.
പൂർണനഗ്നയായി തന്നെ കണ്ടതിൽ പരിഭവമുളളവരോട് നടി ഒരു കാര്യം കൂടി വ്യക്തമാക്കി.താൻ നഗ്നയായി അഭിനയിച്ചിട്ടില്ല. അത് തന്‍റെ ശരീരവുമല്ല.
അണിയറക്കാർ തന്നെയാണ് ദൃശ്യങ്ങൾ ചോർത്തിയതെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. സംവിധായകൻ ശ്രീനിവാസ റാവുവും ഇത് ശരിവച്ചു. പൊലീസിൽ പരാതി നൽകാനാണ് തീരുമാനം. എന്നാൽ നഗ്നരംഗങ്ങളെ എതിർത്ത് നിർമാതാവ് മഞ്ജു രംഗത്തെത്തി. കന്നഡ സംസ്കാരത്തിന് ചേരാത്തതുകൊണ്ടാണ് ദൃശ്യങ്ങൾ വെട്ടിമാറ്റിയതെന്നാണ് അവർ പറയുന്നത്. ഇതുപോലെ 32 രംഗങ്ങളാണ് ദണ്ഡുപാളയ രണ്ടിൽ നിന്ന് സെൻസർ ബോർഡ് ഒഴിവാക്കിയത്.
