പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സല്‍ക്കാരത്തിനെത്തിയത്

ദില്ലി: ദീപിക- രണ്‍വീര്‍ താരജോഡികളുടെ വിവാഹം നല്‍കിയ ആലസ്യത്തില്‍ നിന്ന് ബോളിവുഡ് ഇനിയും ഉണര്‍ന്നിട്ടില്ല. കഴിഞ്ഞ 14ന് ഇറ്റലിയില്‍ വച്ചുനടന്ന വിവാഹത്തിന് ശേഷം ഇരുവരുടേതുമായി നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത്. 

ദീപികയുടെ നാടായ ബെഗലൂരുവില്‍ നടത്തിയ വിവാഹസല്‍ക്കാരത്തിന്റെ ഫോട്ടോകളാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ചയാകുന്നത്. ഇറ്റലിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ തീരുമാനിച്ചത്. 

പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ദീപിക സല്‍ക്കാരത്തിനെത്തിയത്. രണ്‍വീറാകട്ടെ കറുപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള പട്ടുനൂല് കൊണ്ട് തുന്നിയ സ്യൂട്ടും ധരിച്ചു. 

View post on Instagram

'റോയല്‍' ലുക്കില്‍ ഇരുവരും ഒന്നിച്ച് പോസ് ചെയ്ത ഫോട്ടോ ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ക്ലാസിക് കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഫോട്ടോ ഒരു ഛായാചിത്രം പോലെ തോന്നിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഫോട്ടോയെ അഭിനന്ദിച്ച് നടിമാരായ ശില്‍പ ഷെട്ടിയും, ദിയ മിര്‍സയും, സറീന്‍ ഖാനുമെല്ലാം കമന്റുകളിട്ടിട്ടുണ്ട്. ദിവ്യവും സ്വപ്‌നതുല്യവുമായ ചിത്രമെന്നാണ് ശില്‍പ ദീപിക-രണ്‍വീര്‍ ജോഡികളുടെ ഫോട്ടോയെ വിശേഷിപ്പിച്ചത്. ഹാര്‍ട്ട് സ്‌മൈലികള്‍ വാരിവിതറിയാണ് ദിയയും സറീന്‍ ഖാനും സ്‌നേഹം പ്രകടിപ്പിച്ചത്. 

പാര്‍ട്ടിയില്‍ വച്ച് തുടര്‍ന്ന് എടുത്ത ഫോട്ടോകളും ഹിറ്റായിത്തന്നെ ഓടുന്നു. ഈ മാസം 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചാണ് താരദമ്പതികളുടെ അടുത്ത സല്‍ക്കാരം. സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടിയായിരിക്കും ഈ സല്‍ക്കാരം.

View post on Instagram