വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. പാരിസിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് നടിയേയും കാമുകനെയും ഇറക്കിവിട്ടത്. (78,787) യുറോ ഏകദേശം 60 ലക്ഷം രൂപയാണ് വാടകയായി നല്‍കാനുള്ളത്.

കോടതി ഉത്തരിവിനെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 14 ന് മുന്‍പ് വാടക നല്‍കണമെന്നും അപ്പാര്‍ട്ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ വാങ്ങിച്ച ഫര്‍ണിച്ചറുകള്‍ കണ്ടുക്കെട്ടാനും കോടതി ഉത്തരവിട്ടു.

6,054 യുറോ മാസവാടകയ്ക്ക് 2017 ജനുവരിയിലാണ് മല്ലികാ ഷെരാവത്തും കാമുകന്‍ സൈറില്‍ ഓക്‌സന്‍ഫന്‍സും അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. എന്നാല്‍ ഒരുവര്‍ഷത്തിനിടെ വെറും 2715 യുറോ മാത്രമാണ് ഇവര്‍ നല്‍കിയതെന്ന് അപ്പാര്‍ട്ട്്‌മെന്റ് ഉടമ പറഞ്ഞു. 

 തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് വാടക നല്‍കാത്തതെന്ന് മല്ലികയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 

 എന്നാല്‍ വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട് മല്ലികയ്‌ക്കെതിരെ വാര്‍ത്തകള്‍ വന്നപ്പോള്‍ അത് നിഷ്ധിച്ച് താരം രംഗത്ത് എത്തിയിരുന്നു. അത്തരത്തിലുള്ള അപ്പാര്‍ട്ട്‌മെന്റ് പാരീസില്‍ ഇല്ലെന്നായിരുന്നു മറുപടി.