ബോളിവുഡ് സംഗീതത്തിന്‍റെ ഹിറ്റ്മേക്കര്‍ ഇന്ന് തെരുവ് ഗായകന്‍

First Published 9, Mar 2018, 8:42 AM IST
Bollywood musician who ended up on foot path
Highlights
  • സിനിമയാണ് തന്‍റെ ജീവിതം തകര്‍ത്തതെന്ന് കേശവ് ലാല്‍

പൂനെ: ബോളിവുഡ് നേട്ടങ്ങളുടേത് മാത്രമല്ല, നഷ്ടങ്ങളുടേതുകൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് തെരുവില്‍ പാട്ടുപാടി ജീവിക്കുന്ന ഈ വൃദ്ധന്‍. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകാത്ത ഈ 74 കാരന്‍ തെരുവില്‍ ഹാര്‍മോണിം വായിച്ചു കിട്ടുന്ന തുച്ചമായ വരുമാനംകൊണ്ടാണ് ഭാര്യയുമൊത്ത് ജീവിക്കുന്നത്. 

ഒരുകാലത്ത് ബോളിവുഡ് ഹിറ്റ്മേക്കേര്‍സ് ശാന്താറാമിന്‍റേയും കല്യാണ്‍ ജി ആനന്ദി ജി ടീമിന്‍റെയുമെല്ലാം സംഗീത സംഘത്തിലെ പ്രധാന മ്യുസിഷ്യരിലൊരാളായിരുന്നു കേശവ് ലാല്‍. ഇന്ന് തെരുവില്‍ പാട്ടുപാടി തെരുവിലുറങ്ങുന്ന കേശവ് ലാലിനെയും ഭാര്യയെയും കണ്ടാല്‍മതി ബോളിവുഡിന്‍റെ മറ്റൊരു മുഖം വ്യക്തമാകാന്‍. ആരാലും തിരിച്ചറിയാനാകാതെ ഈ നമ്പതികള്‍ തെരുവില്‍ പാടിക്കൊണ്ടിരിക്കെയാണ് ക്യാമറയ്ക്ക് മുമ്പില്‍ പെടുന്നതും ആദ്യകാല ഹാര്‍മോണിസ്റ്റ് കേശവ് ലാല്‍ ആണെന്ന് തിരിച്ചറിയുന്നതും. 

ജീവിതത്തില്‍ തളര്‍ച്ചകള്‍ മാത്രം നേരിട്ട കേശവ് ലാല്‍ കഴിഞ്ഞ 30 വര്‍ഷമായി തെരുവ് ഗായഗനാണ്. വീടൊ മറ്റ് സൗകര്യങ്ങളൊ സമ്പാദ്യമോ ഇല്ലാത്ത കേശവ് ലാല്‍ ഭാര്യ സോണി ബായിയുമൊത്ത് തെരുവിലാണ് താമസവും. കേശവലാലിന്‍റെ ജനനം ശ്രീലങ്കയിലായിരുന്നു. മാതാപിതാക്കള്‍ സൈന്യത്തിലെ വിനോദ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് മുംബൈയുടെ മായിക ലോകത്ത് എത്തിപ്പെട്ടതാണ് കേശവ് ലാലും കുടുംബവും. 

നന്നായി ഹാര്‍മോണിയം വായിക്കുമായിരുന്ന കേശവ് ജോലിയ്ക്കായി പലയിടങ്ങളിലും അലഞ്ഞു. മുംബൈ നഗരത്തില്‍ അലഞ്ഞ് നടക്കുന്ന കേശവിനെ കണ്ടെത്തിയത് ശാന്താറാമാണ്. അദ്ദേഹം തന്നെയാണ് തന്‍റെ അടുത്ത സിനിമയില്‍ ഹാര്‍മോണിയം വായിക്കാന്‍ ക്ഷണിച്ചതും. നഗിന്‍ എന്ന ഹേമമാലിനി, പ്രദീപ് കുമാര്‍, ജീവന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളുടെ ഭാഗമായ കേശവിന് ഏറെ പ്രശംസകളാണ് ലഭിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഹാര്‍മോണിയം വായിച്ചു. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയാണ് തന്‍റെ ജീവിതം നശിപ്പിച്ചതെന്ന് അദ്ദേഹം ഫറഞ്ഞിരുന്നു. 

താന്‍ സമ്പാദിച്ച പണം മുഴുവന്‍ സിനിമ കാണാന്‍ ചെലവാക്കി. അവര്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുടുംബത്തിനാണ് താന്‍ പ്രാധാന്യം നല്‍കിയത്. സംഗീതജ്ഞന്‍റെ ജീവിതം പണമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നും പാവപ്പെട്ട തന്നെപോലുളളവര്‍ക്ക് അത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്കുള്ളതല്ല സിനിമാ ലോകമെന്നും കേശവ് ലാല്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ജീവിക്കാനാകാതെ വന്നതോടെ കേശവ് ഭാര്യയ്ക്കൊപ്പം നാല്പതാം വയസ്സില്‍ പുനെയിലേക്ക് താമസം മാറി. എന്നാല്‍ പൂനെയിലെ ജീവിതവും ദുരിതപൂര്‍ണമായിരുന്നു. പിന്നീട് ജീവിതം തെരുവോരത്തായി. 

പൂനെയിലെ ഒരു മാധ്യമസ്ഥാപനത്തിന് മുന്നില്‍ ഹാര്‍മോണിയം വായിക്കുന്നത് കണ്ട ഒരാള്‍ കേശവിന് ഒരു ഇവന്‍റില്‍ ഹാര്‍മോണിയം വായിക്കാന്‍ അവസരം നല്‍കി. ഈ ഇവന്‍റ് കേശവിന് വലിയൊരു അനുഗ്രഹമാകുകയായിരുന്നു. അവിടെയെത്തിയവരില്‍ ചിലര്‍ അദ്ദേഹത്തിന് ചെറിയ ഒറ്റമുറി ഫ്ളാറ്റ് ശരിയാക്കി നല്‍കി. തെരുവിലുറങ്ങുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്. ചിലര്‍ സംഭാവനയായി നല്‍കിയ തുക1 ലക്ഷം രൂപയോളം വരും. ഇതെല്ലാം ലഭിച്ചെങ്കിലും കേശവ് ലാല്‍ ഇപ്പോഴും ഹാര്‍മോണിയം വായന തുടരുകയാണ്. ഭാര്യയുമൊത്ത് ഇപ്പോഴും പൂനെയിലെ തെരുവുകളില്‍ ഹാര്‍മോണിയം വായിച്ച് പാടുന്ന കേശവ് ലാലിനെ കാണാം. ആ വഴി വരുന്നവര്‍ നല്‍കുന്ന ചെറിയ തുട്ടുപോലും സന്തോഷത്തോടെ സ്വീകരിക്കുന്ന കേശവിന് പക്ഷേ പരാതികളില്ല....
 

loader