ചെന്നൈ: തമിഴിന്‍റെ ഇളയ ദളപതി വിജയ് നായകനായ 'ഭൈരവ' തന്റെ ജീവിതം തകര്‍ത്തുവെന്ന് സിനിമയുടെ വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യം. കൊട്ടിഘോഷിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രമായ ഭൈരവ വന്‍ പരാജയമായതിനെ തുടര്‍ന്നാണ് വിതരണക്കാരനായ താന്‍ തകര്‍ന്നതെന്ന് സുബ്രഹ്മണ്യം പറയുന്നു. ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത വകയില്‍ 1.64 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോയമ്പത്തൂരിലെ വിതരണക്കാരനായ തനിക്ക് ഉണ്ടായ നഷ്ടത്തിനെ തുടര്‍ന്ന് തന്റെ മാല വില്‍ക്കേണ്ട അവസ്ഥയിലാണ് താനെന്നും സുബ്രഹ്മണ്യം പറയുന്നു. സിനിമ വന്‍ വിജയമാണെന്ന് പറഞ്ഞുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ ചെയിന്‍ ഉള്‍പ്പെടെ സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു.

അതേസമയം നിര്‍മ്മാതാക്കളും സംവിധായകരും തെറ്റായ കണക്കാണ് ചിത്രത്തെക്കുറിച്ച് നല്‍കുന്നതെന്നും ഇത് വിലയിരുത്തിയാണ് വിജയ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സുബ്രഹ്മണ്യം പറയുന്നു. എന്നാല്‍ ഇയാളുടെ വാദത്തില്‍ കഴമ്പില്ലെന്ന് വിജയുടെ പിആര്‍ഒ റിയാസ് പ്രതികരിച്ചു. മാല നല്‍കിയത് ചിത്രത്തിന്റെ വിജയത്തെതുടര്‍ന്ന് അല്ലെന്നും അണിയറ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നത്തെ ആദരിക്കുക മാത്രമാണ് ചെയ്തതെന്നും റിയാസ് പറഞ്ഞു.