വിജയ് നായകനായ ലിയോ കേരളത്തില്‍ 60 കോടി ഗ്രോസ് നേടി

ഇതരഭാഷാ ചിത്രങ്ങളോട് എക്കാലവും താല്‍പര്യം കാട്ടിയിട്ടുള്ളവരാണ് മലയാളികള്‍. എന്നാല്‍ തമിഴ്, ഹിന്ദി ചിത്രങ്ങളുടെയത്ര മികച്ച റിലീസ് കേരളത്തില്‍ മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് ഒരു കാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ബാഹുബലിക്ക് പിന്നാലെ തെലുങ്ക് ചിത്രങ്ങള്‍ക്കും കെജിഎഫിന് പിന്നാലെ പ്രധാന കന്നഡ ചിത്രങ്ങള്‍ക്കും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് കേരളത്തില്‍ നിലവില്‍ ലഭിക്കുന്നത്. ബാഹുബലിക്ക് മുന്‍പ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച റിലീസ് ലഭിച്ചിരുന്നെങ്കിലും അത് ആ താരത്തിനുള്ള ഫാന്‍ ബേസ് പരിഗണിച്ചുകൊണ്ട് ഉള്ളതായിരുന്നു. 

വിജയ് നായകനായ ലിയോ കേരളത്തില്‍ 60 കോടി ഗ്രോസ് നേടിയതിന്‍റെ പശ്ചാത്തലത്തില്‍ ആ നേട്ടം ഇതുവരെ സ്വന്തമാക്കിയിട്ടുള്ള ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. എല്ലാ ഭാഷകളില്‍ നിന്നുമായി ആറ് സിനിമകള്‍ മാത്രമാണ് ഇക്കാലമത്രയും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ മൂന്ന് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും മറ്റ് മൂന്ന് ചിത്രങ്ങള്‍ ഇതരഭാഷകളില്‍ നിന്നുമാണ്.

പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവയാണ് കേരളത്തില്‍ നിന്ന് 60 കോടിയിലേറെ ഗ്രോസ് നേടിയ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍. ലിയോയ്ക്കൊപ്പം തെലുങ്കില്‍ നിന്ന് ബാഹുബലി 2 ഉും കന്നഡത്തില്‍ നിന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ഉും കേരളത്തില്‍ നിന്ന് 60 കോടിയിലേറെ നേടി. കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ലിയോ നേടിയത്. രജനികാന്തിന്‍റെ തൊട്ടുമുന്‍പെത്തിയ ചിത്രം ജയിലറിനെ മറികടന്നാണ് ലിയോ ഒന്നാമതെത്തിയത്. ലിയോ, ജയിലര്‍, കമല്‍ ഹാസന്‍ ചിത്രം വിക്രം എന്നിവയുടെയൊക്കെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ റിലീസിന് ഇപ്പോള്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ വലിയ ഗൗരവമാണ് നല്‍കുന്നത്. 

ALSO READ : ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി; അതില്‍ 50 ശതമാനവും നേടിയത് ഒരു സിനിമ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം