മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ആട് 3 ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം ഉണ്ടാക്കുന്നു

ബോക്സ് ഓഫീസില്‍ വന്‍ നേട്ടവുമായി ജയസൂര്യ നായകനായ ആട് 3. മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഫ്രാഞ്ചൈസി ആയ ആടിന്‍റെ മൂന്നാം ഭാഗം 19 നാണ് തിയറ്ററുകളില്‍ എത്തിയത്. സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ആട് 3. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 101 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രം അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കൂടിയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇതോടെ മലയാളത്തില്‍ സോളോ ഹീറോ/ ഹീറോയിന്‍ ചിത്രം 100 കോടി ക്ലബ്ബ് കടത്തുന്ന 9-ാമത്തെ താരം കൂടിയായി മാറിയിരിക്കുകയാണ് ജയസൂര്യ. മോഹന്‍ലാല്‍, നസ്‍ലെന്‍, പൃഥ്വിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി എന്നിവരാണ് മലയാളത്തില്‍ ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍. 2016 ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ആണ് മലയാളത്തില്‍ 100 കോടി ക്ലബ്ബിന് തുടക്കമിട്ടത്. മഞ്ഞുമ്മല്‍ ബോയ്സ്, 2018 അടക്കമുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും 100 കോടിക്ക് മുകളില്‍ പോയ ചിത്രങ്ങളാണ്. മലയാളത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന 14-ാമത്തെ ചിത്രവുമാണ് ആട് 3.

ബിഗ് ബജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. പാട്ടും നൃത്തവും ചിരിയും ആക്ഷനും ഫാന്റസിയും എല്ലാം കോർത്തിണക്കി വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News