ആടുജീവിതത്തിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത് മലയാളത്തില്‍ ഒരേയൊരു ചിത്രം

കലാപരമായും വാണിജ്യപരമായും ഏറ്റവും മികച്ച കാലങ്ങളിലൊന്നില്‍ക്കൂടിയാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ സഞ്ചാരം. ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ച ഇന്ത്യന്‍ സിനിമാവ്യവസായവും മോളിവുഡ് തന്നെ. പല ചിത്രങ്ങള്‍ ചേര്‍ന്ന് മലയാളത്തില്‍ ഈ വര്‍ഷം ഇതുവരെ കളക്റ്റ് ചെയ്തത് 500 കോടിക്ക് മുകളിലാണ്. ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളുടെ നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ ആടുജീവിതം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു ബോക്സ് ഓഫീസ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

യുഎസും കാനഡയും അടങ്ങുന്ന വടക്കേ അമേരിക്കന്‍ മാര്‍ക്കറ്റില്‍ മില്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന ബോക്സ് ഓഫീസിലെ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ആടുജീവിതം. മലയാള സിനിമയെ സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണ് ഇത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഇതുവരെ സാധിക്കാനാവാത്ത നേട്ടം ആടുജീവിതത്തിന് മുന്‍പ് നേടിയിട്ടുള്ളത് മലയാളത്തില്‍ ഒരേയൊരു ചിത്രമാണ്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്. അതേസമയം മഞ്ഞുമ്മലിനേക്കാള്‍ വളരെയേറെ വേഗത്തിലാണ് ആടുജീവിതം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

മഞ്ഞുമ്മല്‍ ബോയ്സ് 44 ദിവസം കൊണ്ടാണ് നോര്‍ത്ത് അമേരിക്കയില്‍ ഒരു മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തിയതെങ്കില്‍ ആടുജീവിതം സമാനനേട്ടം സ്വന്തമാക്കിയത് വെറും 10 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ലൈഫ് ടൈം നോര്‍ത്ത് അമേരിക്കന്‍ കളക്ഷനില്‍ ആടുജീവിതം മഞ്ഞുമ്മലിനെ മറികടക്കുമെന്ന് ഏകദേശം ഉറപ്പാണ്. 1.6 മില്യണ്‍ ആണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിലവിലെ നോര്‍ത്ത് അമേരിക്കന്‍ കളക്ഷന്‍. മലയാളത്തില്‍ നിലവിലെ ഏറ്റവും വലിയ ഓപണിംഗും ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ ചിത്രവും ആടുജീവിതമാണ്. 

ALSO READ : 'ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയുമായി 28 കിലോ കുറച്ച നടന്‍'; ആടുജീവിതത്തിലേക്കുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം