കുറുപ്പിനെ പൃഥ്വിരാജിന്റെ ആടുജിവിതം ആറ് ദിവസങ്ങള്‍ കൊണ്ട് മറികടന്നു എന്നതും പ്രധാനമാണ്.

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആടുജീവിതം വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. റെക്കോര്‍ഡുകള്‍ പലതും പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയ്‍ക്ക് മുന്നില്‍ തകരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ നായകനായ കുറുപ്പിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. ആടുജീവിതത്തിന്റെ നേട്ടം വെറും ആറ് ദിവസം കൊണ്ടാണ് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ദുല്‍ഖറിന്റെ കുറുപ്പ് ആകെ 81 കോടി രൂപയായിരുന്നു നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. ഇതുവരെയായി പൃഥ്വിരാജിന്റെ ആടുജീവിതം 82 കോടി രൂപയില്‍ അധികം നേടിയെന്നുമാണ് പുതിയ കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു. നിലവിലെ സൂചനകള്‍ മലയാളത്തിന്റെ എക്കാലത്തെയും കളക്ഷൻ റെക്കോര്‍ഡ് പൃഥ്വിരാജിന്റെ പേരിലെത്തുമോയെന്ന ആകാംക്ഷയുണ്ടാക്കുന്നതുമാണ്.

തിങ്കളാഴ്‍ച കേരളത്തില്‍ ആടുജീവിതം 4.75 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് നേരത്തെയുള്ള കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡാണ് ഇതെന്ന് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും റെക്കോര്‍ഡാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്.

പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ വേഷമിട്ടു. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: ആക്ഷനില്‍ വിസ്‍മയിപ്പിക്കാൻ ഐഡന്റിറ്റി ഒരുങ്ങുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റുമായി ടൊവിനോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക