രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം

കേരളത്തിന് പുറത്തുള്ള കളക്ഷനില്‍ മലയാള സിനിമ സമീപകാലത്ത് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏറെ മലയാളികളുള്ള ചെന്നൈയിലും ബംഗളൂരുവിലും മലയാള സിനിമകളുടെ റിലീസ് ഏറെ മുന്‍പേ ഉള്ളതാണെങ്കിലും മള്‍ട്ടിപ്ലെക്സുകളുടെ ഇക്കാലത്ത് സ്ക്രീന്‍ കൗണ്ടില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, മലയാളികളല്ലാത്തവരും മലയാള സിനിമകള്‍ തിയറ്ററുകളിലെത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവും മറുഭാഷാ പ്രേക്ഷകരില്‍ സൃഷ്ടിച്ച സ്വാധീനം ഉദാഹരണം. വിഷു റിലീസുകളില്‍ വിന്നര്‍ ആയി മാറിയ ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ കര്‍ണാടക കളക്ഷന്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിന്‍റെ പശ്ചാത്തലം ആദ്യ ചിത്രത്തെപ്പോലെതന്നെ ബംഗളൂരു നഗരമാണ്. ബംഗളൂരുവിലെ ഒരു കോളെജില്‍ പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ഥികളും അവിടുത്തെ ഒരു ഗ്യാങ്സ്റ്ററും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. രംഗ എന്ന ഗ്യാങ്സ്റ്ററായി ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലും പ്രകടനത്തിലും ഫഹദ് എത്തുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. 

ആദ്യ 10 ദിനങ്ങളില്‍ കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 4.05 കോടിയാണെന്ന് കര്‍ണാടകത്തിലെ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കര്‍ണാടക ടാക്കീസ് അറിയിക്കുന്നു. കര്‍ണാടകത്തില്‍ നിന്ന് 4 കോടിയില്‍ അധികം കളക്റ്റ് ചെയ്യുന്ന ആറാമത്തെ മലയാള ചിത്രമാണ് ആവേശമെന്നും അവര്‍ അറിയിക്കുന്നു. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെന്‍ഡ് ആണ്.

ALSO READ : മാത്യുവിനൊപ്പം ബേസില്‍; ബാഡ്‍മിന്‍റണ്‍ പശ്ചാത്തലമാക്കി 'കപ്പ്' വരുന്നു, ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം