മലയാളത്തിൽ നിന്നുമാത്രം 15.68 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലി നേടിയിരിക്കുന്നത്.
ഫാമിലി എന്റർടെയ്നർ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് താല്പര്യം ഏറെയാണ്. തങ്ങളുടെ ജീവിതങ്ങളുമായി എവിടെ ഒക്കെയോ ഏറെ സാമ്യം തോന്നുന്നത് കൊണ്ടാകാം അത്. അത്തരത്തിൽ റിലീസ് ചെയ്യുന്ന സിനിമകൾ മികച്ച വിജയവും സ്വന്തമാക്കാറുണ്ട്. അത്തരത്തിലൊരു മലയാള പടമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് നായകനായി എത്തിയ ചിത്രം ഇരുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കി തിയറ്റുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഇതുവരെ ആഗോളതലത്തിൽ പ്രിൻസ് ആൻഡ് ഫാമിലി നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം മലയാളത്തിൽ നിന്നുമാത്രം 15.68 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലി നേടിയിരിക്കുന്നത്. ഇരുപത്തി അഞ്ച് ദിവസത്തെ കണക്കാണിത്. ഓവർസീസിൽ നിന്നും 6.62 കോടിയും ദിലീപ് പടം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ 24.69 കോടിയാണ് പ്രിൻസ് ആൻഡ് ഫാമിലി ഇതുവരെ നേടിയിരിക്കുന്നത്. മുപ്പത് ദിവസത്തിലേക്ക് കടക്കാനൊരുങ്ങുന്ന ചിത്രം 30 കോടിയും നേടുമെന്നാണ് വിലയിരുത്തലുകൾ.
നവാഗതനായ ബിന്റോ സ്റ്റീഫന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മെയ് 9ന് ആയിരുന്നു റിലീസ്. ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന ലേബലോടെ റിലീസ് ചെയ്ത ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു നിർമിച്ചത്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി പേരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പുതുമുഖ താരം റാണിയ ആയിരുന്നു നായിക വേഷത്തിൽ എത്തിയത്.


