പതിനാല് ദിവസത്തെ തുടരുമിന്റെ ആഗോള കളക്ഷൻ 184.70 കോടി രൂപയാണ്.
ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തുടർച്ചയായി രണ്ട് ബ്ലോക് ബസ്റ്ററുകൾ സമ്മാനിച്ച് മുന്നോറുകയാണ് താരമിപ്പോൾ. ഇന്റസ്ട്രി ഹിറ്റായി മാറിയ എമ്പുരാന് ശേഷം തുടരും ആയിരുന്നു മോഹൻലാലിന്റേതായി റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ കുറിക്കുകയാണ്. ഈ അവസരത്തിൽ തുടരും എമ്പുരാനെ മറികടക്കാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
കേരള ബോക്സ് ഓഫീസിലാണ് എമ്പുരാന് തുടരും ചെക്ക് വച്ചിരിക്കുന്നത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ 85.42 കോടിയാണ് തുടരും കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. എമ്പുരാന്റെ ഫൈനൽ കേരള കളക്ഷൻ 87.56 കോടിയും. ഇന്നത്തോടെ ഈ കളക്ഷനെ തുടരും മറികടക്കും എന്നാണ് വിലയിരുത്തലുകൾ. അങ്ങനെ എങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമകളിൽ രണ്ടാം സ്ഥാനത്താകും തുടരും. എമ്പുരാൻ മൂന്നാം സ്ഥാനത്തുമാകും. ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട മഹാപ്രളയ കഥ പറഞ്ഞ 2018 ആണ്. 89 കോടിയാണ് 2018ന്റെ കേരള കളക്ഷൻ.
അതേസമയം, പതിനാല് ദിവസത്തെ തുടരുമിന്റെ ആഗോള കളക്ഷൻ 184.70 കോടി രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യനെറ്റ് 87.10 കോടിയാണ്. 101.20 കോടിയാണ് ഓവർസീസ് കളക്ഷൻ. തെലുങ്കിലും മികച്ച കളക്ഷൻ തുടരുവിന് ലഭിക്കുന്നുണ്ട്. 1.68 കോടിയാണ് ഇന്നലെവരെ മോഹൻലാൽ ചിത്രം നേടിയത്. ഇന്ന് മുതൽ തമിഴ് ഡബ്ബിങ്ങും റിലീസ് ചെയ്തിട്ടുണ്ട്. ഇതും തുടരുമിന്റെ കളക്ഷന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ശോഭന നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് തരുണ്‍ മൂര്‍ത്തിയാണ്.


