Asianet News MalayalamAsianet News Malayalam

'പെർഫക്ഷൻ.. പെർഫക്ഷൻ..പെർഫക്ഷൻ..ഐ ലൗ പെർഫക്ഷൻ'; കെജിഎഫ് 2 ഡബ്ബിങ്ങിനെ കുറിച്ച് മാലാ പാർവതി

മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്ഡെ എന്ന കഥാപാത്രത്തിനായിരുന്നു മാലാ പാർവതി ശബ്ദം നൽകിയത്. 

actress maala parvathi post about kgf 2 dubbing experience
Author
Kochi, First Published Apr 23, 2022, 11:43 AM IST

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു ഈ പ്രശാന്ത് നീൽ ചിത്രം. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം മലയാളത്തിലും പുറത്തിറക്കിയിരുന്നു. ഒർജിനലിനൊപ്പം കിടപിടിക്കുന്ന തരത്തിലായിരുന്നു മലയാളം ഡബ്ബിം​ഗ്. ശങ്കർ രാമകൃഷ്ണനാണ് തനിമ ഒട്ടും ചോരാതെ മലയാളം ഡബ്ബിം​ഗ് ചെയ്തത്. ഇപ്പോഴിതാ കെജിഎഫ് 2ൽ ഡബ്ബ് ചെയ്ത അനുഭവം പറയുകയാണ് നടി മാലാ പാർവതി.  

മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്ഡെ എന്ന കഥാപാത്രത്തിനായിരുന്നു മാലാ പാർവതി ശബ്ദം നൽകിയത്. ശങ്കർ രാമകൃഷ്ണന് തന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ സാധിച്ചതെന്ന് മാലാ പാര്‍വതി പറയുന്നു.

മാലാ പാർതിയുടെ വാക്കുകൾ

പ്രിയപ്പെട്ട ശങ്കർ രാമകൃഷ്ണൻ! സുഹൃത്ത് എന്നൊക്കെ ശങ്കറിനെ കുറിച്ച് പറയാൻ സാധിക്കുന്നത് വലിയ ഒരു ഭാഗ്യമാണ്. ശങ്കർ എല്ലാ അർത്ഥത്തിലും, പ്രതിഭയാണ്! KGF എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ഡബ് ചെയ്യാൻ ചെല്ലുമ്പോൾ ശങ്കർ ഉണ്ടല്ലോ എന്നതായിരുന്നു സമാധാനം.

"Perfection" "Perfection" "Perfection" I love perfection. അതാണ് ശങ്കറിൻ്റെ ഒരു ലൈൻ. ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് കയറുന്നത് വരെ സുഹൃത്ത് ആയിരിക്കുന്ന ശങ്കർ.. കൺസോളിൽ മറ്റൊരു ആൾ ആണ്. നമുക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ നിൽക്കുന്ന എഴുത്തുകാരൻ, ചലച്ചിത്രകാരൻ.

മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്ഡെ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് എൻ്റെ ശബ്ദം ഉപയോഗിക്കാമെന്ന തീരുമാനം വന്നത്. മാളവിക എന്ന നടിയുടെ വ്യക്തിത്വം വളരെ ആത്മവിശ്വാസമുള്ള, ഒരു മാധ്യമത്തിൻ്റെ തലപ്പത്ത് ഇരിക്കുന്ന സ്ത്രീ ആണ്.

അങ്ങനെ ഒരു മാനസികാവസ്ഥയിലേക്ക് എത്തി ചേരാൻ എനിക്ക് സമയമെടുത്തു. എന്നെക്കാൾ കൂടുതൽ ശങ്കറിന് എൻ്റെ മേലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്യാൻ സാധിച്ചത്.

എൻ്റെ ആദ്യത്തെ ഡബ്ബിംഗ് ഭാഗ്യലക്ഷ്മി ചേച്ചി തന്ന അവസരമാണ്. M.A Nishad സംവിധാനം ചെയ്ത പകൽ എന്ന സിനിമക്ക് വേണ്ടി ആയിരുന്നു അത്. ശ്വേത മേനോൻ അവതരിപ്പിച്ച കളക്ടർ കഥാപാത്രത്തിനു വേണ്ടി ആയിരുന്നു അത്. ഭാഗ്യലക്ഷ്മി ചേച്ചി ഡബ്ബിംഗിൽ ഒരു ലെജൻഡ് ആണ്. സ്വന്തമായി ശബ്ദം നൽകാൻ മാത്രമല്ല നന്നായി പഠിപ്പിച്ചും തരും. പകൽ എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത Note book എന്ന സിനിമയിൽ ജയ മുരളി എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. I.G എന്ന സിനിമയിലും എനിക്ക് ഡബ്ബിംഗ് ചെയ്യാൻ സാധിച്ചു.

പക്ഷേ, ഇതിലൊക്കെ ഭാഗ്യലക്ഷ്മി ചേച്ചി അടുത്ത് ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ, 2006ൽ ആണെന്ന് തോന്നുന്നു.. സംവിധായകൻ രഞ്ജിത്ത് സാർ എന്നെ വിളിച്ചു. കൊച്ചിയിലെ ലാൽ മീഡിയയിൽ എത്താൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ.. കൈയ്യൊപ്പ് എന്ന ചിത്രത്തിന് ഖുശ്ബൂന് ശബ്ദം നൽകാനാണ്.

എനിക്ക് ഭയങ്കര പേടി ആയി. ഡബ്ബിംഗ് തുടങ്ങി.. ഒന്നര മണിക്കൂർ ആയിട്ടും "Hello Mr Ramachandran" ശെരി ആക്കാൻ സാധിച്ചില്ല.

ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഒരു ഓട്ടോ വിളിച്ച് സ്റ്റേഷനിൽ പോയി. ഭാഗ്യത്തിന് അപ്പോ തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ. അതിൽ കയറിയിട്ട് ഞാൻ രഞ്ജി സാറിനെ വിളിച്ചു."ഞാൻ ട്രെയിനിലാണ് എന്ന് പറഞ്ഞു. "നീ പോയ?" എന്ന് ചോദിച്ചു. എന്നെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞു തടി തപ്പി. പിന്നീടത് വിമ്മി മറിയം ആണ് ചെയ്തത്. സ്റ്റേറ്റ് അവാർഡും കിട്ടി വിമ്മിക്ക്.

2007-ൽ Time എന്ന സിനിമ, 2009 - നീലത്തമര, അപൂർവരാഗങ്ങൾ ഇതിൽ ഒക്കെ അഭിനയിച്ചപ്പോഴും, എൻ്റെ കഥാപാത്രത്തിനു ഞാൻ അല്ല ശബ്ദം നൽകിയത്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൽ, ഒരു ജഡ്ജിൻ്റെ വേഷം ആണ് ഞാൻ ചെയ്തത് അതിൽ ഞാൻ തന്നെ എനിക്ക് ശബ്ദം നൽകി. രഞ്ജിത്ത് സാറിൻ്റെ സാന്നിധ്യത്തിൽ തന്നെ.

വർഷങ്ങൾക്ക് ശേഷം അന്യ ഭാഷ ചിത്രങ്ങളിൽ അടക്കം എൻ്റെ ശബ്ദം ഉപയോഗിക്കുന്നു. (Game Over, FIR) അത് പോലെ വിശേഷണങ്ങൾക്കും മേലെ നിൽക്കുന്ന KGF2 എന്ന ചിത്രത്തിൽ ഒരു പ്രധാന കഥപാത്രത്തിന് ശബ്ദം നൽകാൻ സാധിച്ചത് എൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് എന്ന് ഞാൻ കരുതുന്നു. പല സിനിമകളിലെ സംവിധായകർ എന്നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതിലൂടെ ഞാനും പഠിക്കുന്നുണ്ടായിരുന്നു. F.I.R ൻ്റെ സംവിധായകൻ Manu Anand - നെ പ്രത്യേകം ഓർക്കുന്നു. മുഴു നീള കഥാപാത്രമായിട്ടും, ഭാഷ തമിഴ് ആയിട്ടും അദ്ദേഹം എന്നെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചു.

KGF 2 ലേക്ക് വന്നാൽ, ദീപ ഹെഗ്ഡെയെ മനസ്സിലാക്കാൻ എനിക്ക് ഏറെ സമയമെടുത്തു. ഓഫീസിലെ peon നോട് അധികാരത്തിൽ "എയ്യ്' എന്ന് പറയുമ്പോൾ, പാർവതി എന്ന വ്യക്തിയുടെ സ്വഭാവം ഇടയിൽ കയറി ഒരു സോഹർദം വരുമാ യിരുന്നു."എന്നെ" മാറ്റി കഥാപാത്രം ആകാൻ സാധിച്ചത് ശങ്കർ കാരണമാണ്.

ബാംഗ്ലൂരിലെ കാലാവസ്ഥയിൽ ശബ്ദം അടഞ്ഞു പോയ എനിക്ക്, ആത്മവിശ്വാസം പകർന്ന് ആവി പിടിക്കാം, ഗാർഗ്ഗിൽ ചെയ്യാം എന്നൊക്കെ പറഞ്ഞു സഹായിച്ച് കൂടെ നിന്നത് അരുൺ ആണ്. യാഷ് ന് ശബ്ദം നൽകിയ അതെ അരുൺ.

അഭിനയം എന്ന കലയെ കുറിച്ച് എന്ത് പറയുമ്പോഴും ഞാൻ എത്തി ചേരുന്നത് Jyothish Mg യിലാണ്. അഭിനയം എന്ന കലയെ കുറിച്ച്, അതിൻ്റെ സാധ്യതകളെ കുറിച്ച്, എത്തിചേരാനുള്ള ഇടങ്ങളെ കുറിച്ച്, സ്വന്തം പരിമിതികളെ കുറിച്ച് നിരന്തരം പറഞ്ഞ് തന്ന്, ശ്വാസവും അഭിനയവും ഒന്നാക്കി മാറ്റാൻ എന്നെ പഠിപ്പിച്ച എൻ്റെ ഗുരുവിൽ. വലിയ നന്ദി. എല്ലാവരോടും. മുന്നിൽ വരുന്ന അവസരങ്ങളോടും. പ്രയത്നിക്കാൻ പറ്റുന്ന നിമിഷങ്ങളോടും..

Follow Us:
Download App:
  • android
  • ios