ബോളിവുഡ് ചിത്രം ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി കുതിച്ചു മുന്നേറുകയാണ്. എട്ട് ദിവസത്തിനുള്ളിൽ 407 കോടി രൂപ നേടിയ ചിത്രം ഉടൻ തന്നെ 500 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.

ബോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3(ദൃശ്യം ​ദ കൺക്ലൂഷൻ). മോഹന്‍ലാല്‍ നായകനായ മലയാളം ദൃശ്യം 3യുടെ റിലീസ് കഴിഞ്ഞ് നാലാം മാസങ്ങൾക്കിപ്പുറം റിലീസ് ചെയ്ത ​ഹിന്ദി പതിപ്പ് പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ബോക്സ് ഓഫീസിലും ചിത്രം വെന്നിക്കൊടി പാറിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം 3യുടെ ഇതുവരെയുള്ള കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 407 കോടി രൂപയാണ് എട്ട് ദിവസത്തിൽ ദൃശ്യം 3 നേടിയിരിക്കുന്നത്. ഇന്ത്യ ​ഗ്രോസ് കളക്ഷൻ 312 കോടിയും നെറ്റ് കളക്ഷൻ 260 കോടി രൂപയുമാണ്. വൈകാതെ ചിത്രം 500 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്‍‌ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ദിവസങ്ങള്‍ക്കിപ്പുറവും അത് തുടരുകയാണ്.

മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുകയെന്ന് ജീത്തു ജോസഫ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായാണ് അവര്‍ അറിയിച്ചതെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജീത്തു അറിയിച്ചിരുന്നു. അഭിഷേക് പഥക് ആണ് ദൃശ്യം ദ കൺക്ലൂഷൻ സംവിധാനം ചെയ്തിരിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. മോഹൻലാൽ നായകനായ മലയാളം 'ദൃശ്യം 3'-ൽ നിന്നും വ്യത്യസ്തമായി, കഥയിലും ക്ലൈമാക്സിലും മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming