മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ജയിലറിനോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്

തമിഴ് സിനിമയെയും അവിടുത്തെ അഭിനേതാക്കളെയും സ്വന്തമെന്നതുപോലെ കാണുന്നവരാണ് മലയാളികള്‍. മലയാളം കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളികള്‍ ആസ്വദിക്കുന്ന ഇതരഭാഷാ ചിത്രങ്ങളും തമിഴിലേത് തന്നെ. പലപ്പോഴും മലയാള ചിത്രങ്ങളേക്കാള്‍ കളക്ഷനാണ് തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ ഇവിടെ നേടാറ്. രജനി കാന്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ജയിലറിന്‍റെ കാര്യവും അങ്ങനെതന്നെ. കേരളത്തില്‍ വമ്പന്‍ ഹിറ്റ് ആണ് ചിത്രം. രജനികാന്ത് ചിത്രമെന്നതിനൊപ്പം മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ജയിലറിനോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. രണ്ടാം വാരാന്ത്യത്തിലും മികച്ച പ്രകടനവുമായി തിയറ്ററുകളില്‍ തുടരുന്ന ജയിലര്‍ മലയാളത്തില്‍ ഓണം റിലീസുകള്‍ എത്തിയാലും തിയറ്ററുകളില്‍ ഉണ്ടാവുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയിട്ടുള്ള തമിഴ് ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ.

1. ജയിലര്‍- ഇതുവരെ 45 കോടിക്ക് മുകളില്‍

2. വിക്രം- 40.05 കോടി

3. പൊന്നിയിന്‍ സെല്‍വന്‍ 1- 24.2 കോടി

4. ബിഗില്‍- 19.7 കോടി

5 ഐ- 19.65 കോടി

ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറെ കേരളത്തിന്‍റേതാണ് ഈ കണക്കുകള്‍. അതേസമയം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന മുന്‍ ജയിലറെയാണ് രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും അതിഥിവേഷത്തിലാണ് എത്തിയിരിക്കുന്നത്. മുംബൈ പശ്ചാത്തലമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവിനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാത്യു എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് വ്യാപക സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാലത്ത് നായകനായെത്തിയ ചിത്രങ്ങളേക്കാള്‍ കൈയടി ഈ അതിഥിവേഷത്തിലൂടെ മോഹന്‍ലാലിന് ലഭിച്ചു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ALSO READ : 'ലാലേട്ടാ സോറി', വേദിയില്‍ തോള്‍ ചെരിച്ച് ചുവട് വച്ച് ദുല്‍ഖര്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക