ഡിസംബര്‍ 5ന് ആയിരുന്നു പുഷ്പ 2 റിലീസ്.
പുഷ്പ 2, സമീപകാല തെന്നിന്ത്യൻ സിനിമയിൽ ഇത്രയും കാത്തിരിപ്പുയർത്തിയ മറ്റൊരു ചിത്രം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ 1ന്റെ വിജയം ആയിരുന്നു അതിന് കാരണം എന്നതിൽ തർക്കമില്ല. ഇന്നലെ ആയിരുന്നു പുഷ്പ 2 തിയറ്ററുകളിൽ എത്തിയത്. കേരളത്തിലടക്കം പുലർച്ചെ ഷോകൾ നടന്ന ചിത്രം മികച്ച പ്രകടനമാണ് തിയറ്ററുകളിൽ കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ പുഷ്പ 2 നേടിയ കേരള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. 6.35 കോടിയാണ് അല്ലു അർജുൻ ചിത്രം കേരളക്കരയിൽ നിന്നും നേടിയത്. പ്രഭാസ് ചിത്രം ബഹുബലി 2ന്റെ കേരള കളക്ഷനെയാണ് പുഷ്പ തകർത്തെറിഞ്ഞത്. 5.45 കോടിയായിരുന്നു ബാഹുബലി 2ന്റെ കളക്ഷൻ. കഴിഞ്ഞ ഏഴ് വർഷമായി നിലനിന്നിരുന്ന ബാഹുബലിയുടെ റെക്കോര്‍ഡ് ആണിത്. അതേസമയം, കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 കേരളത്തില്‍ നിന്നും ആദ്യദിനം നേടിയത് 7.5 കോടിയാണ്.
അതേസമയം, കേരള ഫസ്റ്റ് ഡേ കളക്ഷനിൽ മുന്നിലുള്ള ഇതര ഭാഷാചിത്രം വിജയ് നായകനായി എത്തിയ ലിയോ ആണ്. 12 കോടിയാണ് സംസ്ഥാനത്തെ ലിയോയുടെ ആദ്യദിന കളക്ഷൻ. മികച്ച സ്ക്രീൻ കൗണ്ട് ആണ് കേരളത്തിൽ പുഷ്പ 2ന് ലഭിച്ചത്. 500ലധികം സ്ക്രീനുകളാണിതെന്നാണ് വിവരം. കൂടാതെ തമിഴ് നാട്ടിൽ ആദ്യദിനം 10 കോടി പുഷ്പ നേടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ കണക്കുകൾ പ്രകാരം ഇന്ത്യയില്‍ നിന്നും 175.1 കോടിയാണ് പുഷ്പ 2 നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
