ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'അന്ധാധുനും' വലിയ ജനപ്രീതി നേടുകയാണ് ചൈനയില്‍. 'പിയാനോ പ്ലേയര്‍' എന്ന പേരിലാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് കഴിഞ്ഞാല്‍ ഇന്ന് ലോകത്ത് ഏറ്റവുമധികം വിപണികളിലേക്ക് പോകുന്നത് ബോളിവുഡ് സിനിമകളാണ്. അമേരിക്കയും യുകെയുമൊക്കെ ഏറെക്കാലമായുള്ള വിപണികളാണെങ്കില്‍ ബോളിവുഡ് സിനിമകളുടെ ചൈനീസ് റിലീസ് ഒരുപാട് കാലമായിട്ടില്ല. ആമിര്‍ ഖാന്‍ ചിത്രങ്ങളാണ് ചൈനയില്‍ വലിയ കളക്ഷന്‍ നേടി മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ ആയുഷ്മാന്‍ ഖുറാനയും തബുവും രാധിക ആപ്‌തെയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത 'അന്ധാധുനും' വലിയ ജനപ്രീതി നേടുകയാണ് ചൈനയില്‍. 'പിയാനോ പ്ലേയര്‍' എന്ന പേരിലാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ഓരോ ദിവസവും കളക്ഷന്‍ കൂടുന്ന കാഴ്ചയാണ്. റിലീസ് ദിനത്തില്‍ 1.32 മില്യണ്‍ ഡോളര്‍ നേടിയ ചിത്രം തൊട്ടടുത്ത ദിവസം 1.78 മില്യണ്‍ ഡോളര്‍ നേടി. തുടര്‍ദിനങ്ങളില്‍ നേടിയത് അതിലും കൂടുതല്‍.

ബുധന്‍- 1.32 മില്യണ്‍ ഡോളര്‍

വ്യാഴം- 1.78 മില്യണ്‍

വെള്ളി- 3.38 മില്യണ്‍

ശനി- 4.03 മില്യണ്‍

ആകെ നാല് ദിവസത്തെ ചൈനീസ് കളക്ഷന്‍ 10.51 മില്യണ്‍ ഡോളര്‍. അതായത് 72.72 കോടി രൂപ!

കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച സിനിമയാണ്. കെ യു മോഹനന്‍ ആയിരുന്നു ഛായാഗ്രഹണം. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും മാച്ച്‌ബോക്‌സ് മീഡിയയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.