Asianet News MalayalamAsianet News Malayalam

മടങ്ങിവരവില്‍ പ്രശാന്തിനെ സ്വീകരിച്ചോ പ്രേക്ഷകര്‍? 'അന്ധകന്‍' ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്

Andhagan tamil movie opening box office starring prashanth
Author
First Published Aug 11, 2024, 9:29 AM IST | Last Updated Aug 11, 2024, 9:29 AM IST

സിനിമാലോകത്തുനിന്ന് പല കാരണങ്ങളാല്‍ അഭിനേതാക്കള്‍ ഇടവേളകള്‍ എടുക്കാറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനില്‍ അവര്‍ എത്തുമ്പോഴും പ്രേക്ഷകര്‍ കൌതുകത്തോടെയാണ് അത് നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ തമിഴ് സിനിമയിലെ ഏറ്റവും പുതിയ തിരിച്ചുവരവ് നടന്‍ പ്രശാന്തിന്‍റെയാണ്. ആറ് വര്‍ഷത്തിന് ശേഷം തമിഴില്‍ അദ്ദേഹം നായകനാവുന്ന അന്ധകന്‍ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (9) തിയറ്ററുകളില്‍ എത്തിയത്. പ്രിയ നടന്‍റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഏറ്റെടുത്തോ? ചിത്രത്തിന്‍റെ ഓപണിംഗ് ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. 

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 65 ലക്ഷമാണ്. ഇതില്‍ ഏറിയകൂറും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ്. മറ്റൊരു ട്രാക്കിംട് ടീം ആയ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 59 ലക്ഷമാണ് ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് നേടിയത്. ട്രാക്ക് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ 191 സ്ക്രീനുകളില്‌‍‍‌ നിന്നുള്ള കണക്കാണ് ഇതെന്നാണ് സിനിട്രാക്ക് അറിയിച്ചിരിക്കുന്നത്. 

അതേസമയം ആദ്യദിനം മെച്ചപ്പെട്ട പ്രേക്ഷകാഭിപ്രായം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഓരോ ഷോ കഴിയുമ്പോഴും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സി കൂടുന്നുണ്ട്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയുടെ ഫലം ശനിയാഴ്ചത്തെ കളക്ഷനില്‍ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം രണ്ടാം ദിനം 1.10 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. അതായത് ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 1.75 കോടി കളക്ഷന്‍. പ്രശാന്ത് നായകനാവുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് ഇതെന്ന് പറയേണ്ടിവരും, വിശേഷിച്ചും തമിഴ് സിനിമയുടെ ഈ വര്‍ഷം ഇതുവരെയുള്ള ബോക്സ് ഓഫീസ് വിന്നിംഗ് റേറ്റ് പരിശോധിക്കുമ്പോള്‍.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തെത്തിയ അന്ധാധുനിന്‍റെ റീമേക്ക് ആണ് അന്ധകന്‍. മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമവും (2021) അന്ധാധുനിന്‍റെ റീമേക്ക് ആയിരുന്നു. 2021 ല്‍ തന്നെ തെലുങ്കിലും ഇതേ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്ട്രോ എന്ന് പേരിട്ട ചിത്രത്തില്‍ നിഥിന്‍ ആയിരുന്നു നായകന്‍. 

ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌‍ലര്‍ എത്തി

Latest Videos
Follow Us:
Download App:
  • android
  • ios