എച്ച് വിനോദ് സംവിധാനം ചെയ്ത, വിജയിന്‍റെ അവസാന ചിത്രമായ 'ജനനായകൻ' സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് തമിഴ് താരം വിജയ്. അതിനാല്‍ത്തന്നെ അദ്ദേഹം നായകനായ ചിത്രങ്ങളുടെ റിലീസിനായി കോളിവുഡില്‍ വലിയ കാത്തിരിപ്പ് എപ്പോഴും ഉണ്ടാവാറുണ്ട്. രാഷ്ട്രീയ പ്രവേശനത്തിനായി വിജയ് സിനിമ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ നിരാശയാണ് സൃഷ്ടിച്ചത്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട അദ്ദേഹത്തിന്‍റെ അവസാന ചിത്രം ജനനായകന്‍ ഒടുവില്‍ ആറ് മാസത്തിന് ശേഷം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അതൊന്നും വിജയിന്‍റെ ആരാധകവൃന്ദത്തെ അകറ്റിയില്ല എന്നാണ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.

മൂന്നാം വാരത്തിലും പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതിനകം നേടിയിരിക്കുന്നത് 318.09 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. റിലീസിന് ശേഷമുള്ള മൂന്നാമത്തെ തിങ്കളാഴ്ചയായ ഇന്നലെ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 75 ലക്ഷം ആയിരുന്നു. 1976 ഷോകളില്‍ നിന്നാണ് ഇത്. 14.2 ആയിരുന്നു തിയറ്റര്‍ ഒക്കുപ്പന്‍സി. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയ ഗ്രോസ് ആവട്ടെ 224.89 കോടിയാണ്. നെറ്റ് കളക്ഷന്‍ 193.05 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതുവരെ വന്നിരിക്കുന്ന ഗ്രോസ് 93.20 കോടിയാണ്.

വിജയ് നായകനായ ചിത്രത്തില്‍ പൂജ ​ഹെ​ഗ്ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ​ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, മമിത ബൈജു, നരെയ്ന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain