പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായ അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ്: എൻഡ് ഗെയിം ബോക്സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. ഇന്ത്യയിലും വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.  മൂന്നൂറു കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. എന്നാല്‍ ഇന്ത്യയില്‍ അവഞ്ചേഴ്‍സിനു മുന്നില്‍ കളക്ഷനില്‍ ബാഹുബലി തന്നെയാണ് ഒരുപാട് ദൂരം മുന്നില്‍ തുടരുന്നത്.

റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം 53 കോടി രൂപയാണ് അവഞ്ചേഴ്‍സ് നേടിയത്. ബോളിവുഡ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് അവഞ്ചേഴ്‍സിന്റെ നേട്ടം. അതേസമയം തെന്നിന്ത്യൻ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡ് ഭേദിക്കാൻ അവഞ്ചേഴ്‍സിന് ആയിരുന്നില്ല. ബാഹുബലി രണ്ട് ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിവസം സ്വന്തമാക്കിയത് 152 കോടി രൂപയിലധികമാണ്.  അവഞ്ചേഴ്‍സ് 13 ദിവസം പിന്നിടുമ്പോള്‍ കളക്ഷൻ 350 കോടി രൂപയിലേക്ക് എത്തുകയാണ്. എന്നാല്‍ ബാഹുബലി രണ്ട് അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 565 കോടി രൂപയാണ് സ്വന്തമാക്കിയത്.