ഒരു മാര്‍വെല്‍ ചിത്രം ഇന്ത്യയില്‍ വന്‍ പ്രതികരണം നേടുന്നത് ഇതാദ്യമല്ല. 'അവഞ്ചേഴ്‌സ്' സിരീസിലെ തന്നെ കഴിഞ്ഞ ചിത്രം 'ഇന്‍ഫിനിറ്റി വാര്‍' ആയിരുന്നു ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രം. 'ജംഗിള്‍ ബുക്കി'നെ മറികടന്നാണ് കഴിഞ്ഞവര്‍ഷം ഇതേസമയം 'ഇന്‍ഫിനിറ്റി വാര്‍' ഇന്ത്യന്‍ ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. എന്നാല്‍ ഒരു വര്‍ഷം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' വന്നപ്പോള്‍ ആ ചിത്രത്തിന്റെ പേരിലായി റെക്കോര്‍ഡ്.

അനിതരസാധാരണമായ കുതിപ്പാണ് ആദ്യദിനം മുതല്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 'എന്‍ഡ്‌ഗെയി'മിന് ലഭിച്ചത്. ബോളിവുഡ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷാ സിനിമകളെ തന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അത്. റിലീസ്ദിനത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 53 കോടി നേടിയ ചിത്രം രണ്ടാംദിവസം 100 കോടി ക്ലബ്ബില്‍ എത്തി. മൂന്നാംദിവസം 150 കോടി ക്ലബ്ബിലും അഞ്ചാം ദിവസം 200 കോടി ക്ലബ്ബിലും എത്തി. ആദ്യ അഞ്ച് ദിനങ്ങള്‍ക്ക് ശേഷവും കളക്ഷനില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചില്ല. അതിനാല്‍ ആദ്യ ആഴ്ച തന്നെ 250 കോടി ക്ലബ്ബിലും ഇടംപിടിച്ചു 'എന്‍ഡ്‌ഗെയിം'. പത്ത് ദിനങ്ങളില്‍ 300 കോടി ക്ലബ്ബിലും!

ആദ്യ ആഴ്ചത്തെ കളക്ഷന്‍ 260.40 കോടി ആയിരുന്നെങ്കില്‍ രണ്ടാംവാരം 77.95 കോടിയാണ് ചിത്രം നേടിയത്. ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 338.35 കോടി രൂപ! ഗ്രോസ് കണക്കാക്കിയാല്‍ ചിത്രം 400 കോടി ക്ലബ്ബിലും എത്തിയിട്ടുണ്ട്. 402.80 കോടിയാണ് ഇതുവരെയുള്ള ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍.