ബാഹുബലി: ദി എപിക് എന്ന പേരില്‍ റീ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ബാഹുബലിയുടെ റീ റിലീസ് ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്
ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍ അലസതയില്‍ നിന്ന് ഉണര്‍ത്തുകയും ചെയ്തു. കാന്‍വാസിന്‍റെ വലിപ്പത്തിലും ബിസിനസിലും തങ്ങളെ വെല്ലാന്‍ മറ്റാരുമില്ലെന്ന ബോളിവുഡിന്‍റെ അമിത ആത്മവിശ്വാസത്തിന് ഏറ്റ അടിയായിരുന്നു ബാഹുബലി. ഇപ്പോഴിതാ ബാഹുബലി ആദ്യ ഭാഗത്തിന്‍റെ പത്താം റിലീസ് വാര്‍ഷികത്തില്‍ എത്തിയിരിക്കുന്ന റീ റിലീസും ബോക്സ് ഓഫീസില്‍ തരംഗം തീര്‍ക്കുകയാണ്.
ബാഹുബലി രണ്ട് ഭാഗങ്ങളും ചേര്‍ത്ത് രാജമൗലിയുടെ മേല്‍നോട്ടത്തില്‍ റീ എഡിറ്റിംഗും റീമാസ്റ്ററിംഗും നടത്തിയ ചിത്രം ബാഹുബലി: ദി എപിക് എന്ന പേരിലാണ് എത്തിയത്. നവംബര്‍ 2 നായിരുന്നു ഈ റീ റിലീസ്. രണ്ട് ഭാഗങ്ങളും ചേര്‍ത്തപ്പോള്‍ 3.45 മണിക്കൂര്‍ ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. എന്നാല്‍ സിനിമയുടെ ഈ നീളക്കൂടുതലൊന്നും ബാഹുബലി ആരാധകരെ പിന്നോട്ട് വലിച്ചില്ല. മറിച്ച് കണ്ടവരില്‍ നിന്ന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. അത് ബോക്സ് ഓഫീസിലും പ്രതിഫലിക്കുകയാണ്. ആഭ്യന്തര മാര്‍ക്കറ്റില്‍ മാത്രമല്ല, റിലീസ് ചെയ്യപ്പെട്ട മറ്റ് വിദേശ മാര്‍ക്കറ്റുകളിലും.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 29.65 കോടി രൂപയാണ്. ഗ്രോസ് 33.25 കോടിയും. ബാഹുബലി ദി എപിക് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയിരിക്കുന്നത് 11.75 കോടിയാണ്. അങ്ങനെ രണ്ടാം വരവില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 45 കോടി രൂപയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ റീ റിലീസ് ആണ് ബാഹുബലി ദി എപിക്.
എന്നാല്‍ ഇന്ത്യയിലെ മാത്രം കളക്ഷന്‍ എടുത്താല്‍ ബാഹുബലിക്ക് മുന്‍പ് മറ്റ് രണ്ട് ചിത്രങ്ങള്‍ ഉണ്ട്. രണ്ട് ബോളിവുഡ് ചിത്രങ്ങളാണ് അവ. ഹര്‍ഷ്‍വര്‍ധന്‍ റാണെയുടെ സനം തേരി കസം (33.18 കോടി), സോഹം ഷായുടെ തുമ്പാട് (30.48 കോടി) എന്നിവയാണ് അവ. അതേസമയം ഇന്ത്യന്‍ ബോക്സ് ഓഫീസിലും ഒന്നാമതെത്തുമോ ബാഹുബലി എന്ന് അറിയാന്‍ കാത്തിരിക്കണം.



