ബാലയ്യയുടെ പുതിയ ചിത്രം വിജയമോ? ശരിക്കും എത്രയാണ് കളക്ഷന്‍? ഒഫിഷ്യല്‍ കണക്കുകളുമായി നിര്‍മ്മാതാക്കള്‍
ഒക്ടോബര്‍ 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

ഒരുകാലത്ത് ബാലയ്യയുടെ സിനിമകള്‍ അതിലെ നായക കഥാപാത്രങ്ങളുടെ അതിമാനുഷികത കൊണ്ട് സ്ഥിരം ട്രോള്‍ ആയിരുന്നു. അത്തരം ട്രോള്‍ വീഡിയോകളിലൂടെയാണ് മലയാളികളില്‍ പലരും ഈ തെലുങ്ക് താരത്തെ പരിചയപ്പെട്ടതും. എന്നാല്‍ അതൊക്കെ പഴയ കഥ. നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന താരമാണ് ബാലയ്യ. അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് വിജയമായിരുന്നു 2021 ല്‍ പുറത്തെത്തിയ അഖണ്ഡ. ഈ വര്‍ഷം ജനുവരിയില്‍ പുറത്തെത്തിയ വീര സിംഹ റെഡ്ഡിയും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തുള്ള തെലുങ്ക് പ്രേക്ഷകരും ഈ ചിത്രങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഭഗവന്ത് കേസരിയുടെ ബോക്സ് ഓഫീസ് കണക്കുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇടവിട്ട് എത്തുന്നുണ്ട്.
ദസറ റിലീസ് ആയി ഒക്ടോബര്‍ 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. വിജയ്‍ നായകനായ ബിഗ് കാന്‍വാസ് തമിഴ് ചിത്രം ലിയോ എത്തിയ അതേദിവസം. രവി തേജ നായകനായ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രവും തെലുങ്കില്‍ നിന്ന് ദസറ റിലീസ് ആയി ഉണ്ടായിരുന്നു. എന്നാല്‍ ഈ എതിരാളികളൊന്നും ബാലയ്യ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇതുവരെ ഉണ്ടാക്കിയ സാമ്പത്തിക നേട്ടം എത്രയെന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ തന്നെ പുതിയ റിപ്പോര്‍ട്ട് ഇന്ന് പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ 18 ദിവസത്തെ ആഗോള തിയറ്റര്‍ ബിസിനസ് 57.63 കോടിയുടേതാണെന്ന് നിര്‍മ്മാതാക്കളായ ഷൈന്‍ സ്ക്രീന്‍സ് അറിയിക്കുന്നു. വിതരണാവകാശമുള്‍പ്പെടെ ചിത്രത്തിന്‍റെ ആഗോള ഷെയര്‍ 70.01 കോടിയാണെന്നും ആഗോള ഗ്രോസ് 139.19 കോടിയാണെന്നും നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. അതേസമയം ഉയര്‍ന്ന ബജറ്റില്‍ എത്തിയ ചിത്രമാണിത്. 90- 100 കോടിയാണ് നിര്‍മ്മാതാക്കളുടെ മുടക്കെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ തിയറ്റര്‍ ബിസിനസിലൂടെ നിലവിലെ സ്ഥിതിയില്‍ ചിത്രം ലാഭത്തിലായോ എന്ന് പറയാന്‍ സാധ്യമല്ല. എന്നാല്‍ ഒടിടിയും സാറ്റലൈറ്റും അടക്കമുള്ള ധനാഗമ മാര്‍ഗങ്ങള്‍ കൂടി ചേര്‍ത്ത് ചിത്രം നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക