വൻ ബജറ്റിൽ റിലീസ് ചെയ്ത് പരാജയം നേരിട്ട സിനിമകള്‍.
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുക എന്നത് ഏതൊരു അണിയറപ്രവർത്തകന്റെയും സ്വപ്നമാണ്. സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രമോഷൻ പരിപാടികളും അവർ സംഘടിപ്പിക്കുകയും ചെയ്യും. സൂപ്പർതാര സിനിമകൾക്കാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അത്തരത്തിൽ വൻ ഹൈപ്പിലെത്തി, റിലീസിന് ശേഷം ബോക്സ് ഓഫീസിൽ വൻ പരാജയങ്ങൾ നേരിട്ട സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് ഈ വർഷം റിലീസ് ചെയ്ത ഏതാനും സിനിമകളും ഉൾപ്പെട്ടിരിക്കുകയാണ്.
തമിഴ്, ഹിന്ദി സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് അമിത് ശർമ്മ സംവിധാനം ചെയ്ത അജയ് ദേവ്ഗൺ ചിത്രം മെയ്ദാൻ ആണ്. 235 കോടിയായിരുന്നു ചിത്രത്തിന്റെ ചെലവ്. എന്നാൽ വെറും 72 കോടി മാത്രമാണ് ചിത്രത്തിന് കളക്ട് ചെയ്യാൻ സാധിച്ചത്. മറ്റൊരു ചിത്രം കങ്കുവയാണ്. സൂര്യ നായകനായി എത്തിയ പടത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം 127.64 കോടി മാത്രമാണ് ഇതുവരെ കങ്കുവയ്ക്ക് നേടാനായിട്ടുള്ളത്.
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷത്തിലെത്തിയ ബഡേ മിയൻ ഛോട്ടേ മിയാൻ ആണ്. പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തിയ ചിത്രം 375 കോടി മുതൽ മുടക്കിലാണ് റിലീസ് ചെയ്തതെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്. നേടിയത് 105 കോടിയും. കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ 2 ആണ് ബോക്സ് ഓഫീസ് പരാജയം നേരിട്ട മറ്റൊരു സിനിമ. 350 കോടി മുതൽ മുടക്കിയ ചിത്രം ആകെ നേടിയത് 150 കോടി രൂപ മാത്രമാണ്.
4 സിനിമകൾ, നേടിയത് 1513 കോടി ! താരരാജക്കന്മാരെയും കടത്തിവെട്ടിയ 'ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ'
ഇവയ്ക്ക് പുറമെ മുൻ വർഷങ്ങളിൽ വൻ ബജറ്റിൽ റിലീസ് ചെയ്ത് പരാജയം നേരിട്ട സിനിമകളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഭാസിന്റെ രാധേ ശ്യം, ആദിപുരുഷ്, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, ടൈഗർ ഷ്രോഫിന്റെ ഗണപത് തുടങ്ങിയ സിനിമകളാണ് അവയിൽ ഏതാനും ചിലത്. അതേസമയം, സൂര്യയുടെ കങ്കുവ ഇന്ത്യയില്‍ 81 കോടിയില്‍ അധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.
