അഞ്ച് ഭാഷകളില്‍ എത്തിയ ചിത്രത്തിന് ഏറ്റവും കളക്ഷന്‍ വന്നത് ഹിന്ദി പതിപ്പില്‍ നിന്നാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ ലഭിച്ച നാലാമത്തെ ചിത്രം
സിനിമകളുടെ ജയപരാജയങ്ങള്‍ക്ക് എപ്പോഴുമുള്ള ഒരു അപ്രവചനീയ സ്വഭാവമുണ്ട്. കൊട്ടിഘോഷിച്ചെത്തുന്ന സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും ജനപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട് ബോക്സ് ഓഫീസില്‍ മൂക്ക് കുത്തുമ്പോള്‍ ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ എത്തുന്ന ചില ചിത്രങ്ങളെ പ്രേക്ഷകരെ പാടിപ്പുകഴ്ത്താറുണ്ട്. ബോക്സ് ഓഫീസ് നിറയ്ക്കാറുമുണ്ട് അത്തരം ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമാലോകത്തെ ഈ വര്‍ഷം അമ്പരപ്പിച്ച നിരവധി ചിത്രങ്ങളുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങളുടെ കാര്യമെടുത്താല്‍ നിരവധി സര്‍പ്രൈസ് ഹിറ്റുകളും. എന്നാല്‍ അക്കൂട്ടത്തില്‍ ഒരു ചിത്രം മറ്റുള്ളവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു.
അനിമേഷന്‍ ചിത്രമായ മഹാവതാര്‍ നരസിംഹയാണ് ആ ചിത്രം. ക്ലീം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, പ്രശസ്ത ബാനര്‍ ആയ ഹൊംബാലെ ഫിലിംസ് അവതരിപ്പിച്ച്, അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2024 നവംബറില്‍ ഗോവ ചലച്ചിത്ര മേളയിലാണ് പ്രീമിയര്‍ ചെയ്തത്. എന്നാല്‍ തിയറ്റര്‍ റിലീസ് ഈ വര്‍ഷം ജൂലൈ 25 നും. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
15 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇത്. ഇപ്പോഴിതാ തിയറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഇന്ത്യയില്‍ ആകമാനം 240 ല്‍ ഏറെ തിയറ്ററുകളില്‍ ചിത്രം തുടരുന്നുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 249.95 കോടിയാണ്. ഗ്രോസ് 297.38 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 28 കോടിയും ചിത്രം നേടി. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ മഹാവതാര്‍ നരസിംഹയുടെ നേട്ടം 325.38 കോടിയാണ്. അതായത് ബജറ്റിന്‍റെ 21 ഇരട്ടിയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്!
കളക്ഷനില്‍ ബഹുഭൂരിപക്ഷവും വന്നത് ഹിന്ദി പതിപ്പില്‍ നിന്നാണ്. 187.5 കോടിയാണ് ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. രണ്ടാമത് തെലുങ്ക് പതിപ്പും. 49.12 കോടിയാണ് ഇന്ത്യയില്‍ നിന്ന് തെലുങ്ക് പതിപ്പ് നേടിയ നെറ്റ് കളക്ഷന്‍. ഇന്ത്യന്‍ സിനിമകളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ നാലാമത്തെ കളക്ഷന്‍ ഈ ചിത്രത്തിന്‍റെ പേരിലാണ്. അഭിനേതാക്കളില്ലാത്ത ഒരു എക്സ്പെരിമെന്‍റല്‍ അനിമേഷന്‍ ചിത്രം നേടിയ കളക്ഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് തുറക്കുന്നത്.

