ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനത്തിന് മുന്‍പും പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമായിരുന്നു 'ഛപാക്'. എന്നാല്‍ അക്രമത്തിനിരയായ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പരസ്യമായി രംഗത്തെത്തിയതോടെ ഈ സിനിമ കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. ഛപാക് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം ട്വിറ്ററില്‍ എത്തിയെങ്കില്‍ മറ്റൊരു വിഭാഗം സിനിമയ്ക്കും ദീപികയ്ക്കും ഒപ്പം നില്‍ക്കുന്നുവെന്ന നിലപാട് പ്രഖ്യാപിച്ചും എത്തി. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളില്‍ എത്തിയിട്ട് രണ്ട് ദിവസങ്ങള്‍ പിന്നിടുന്നു. ചിത്രം ഏത് തരത്തിലാണ് തീയേറ്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്? എത്രയാണ് രണ്ട് ദിവസത്തെ കളക്ഷന്‍?

ബോക്‌സ്ഓഫീസില്‍ വലിയ പ്രതികരണം ഉണ്ടാക്കുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന ചിത്രമല്ല ഛപാക്. അവരുടെ പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമാണ് ബോക്‌സ്ഓഫീസില്‍ ചിത്രത്തിന്റേത്. റിലീസ് ദിനമായ വെള്ളിയാഴ്ച 4.77 കോടിയും ശനിയാഴ്ച 6.90 കോടിയുമാണ് ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷന്‍. പ്രതീക്ഷിച്ചതുപോലെ വലിയ നഗരങ്ങളിലെ പ്രമുഖ മള്‍ട്ടിപ്ലെക്‌സുകളില്‍ ചിത്രത്തിന് ശരാശരിയിലും അധികം കളക്ഷന്‍ ഉള്ളപ്പോള്‍ ചെറുനഗരങ്ങളിലും സിംഗിള്‍ സ്‌ക്രീനുകളിലും കളക്ഷന്‍ മോശമാണ്. എന്നാല്‍ ആദ്യ ഞായറാഴ്ചയായ ഇന്ന് കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

ചിത്രത്തിനെതിരേ ഒരു കോണില്‍ നിന്നുയര്‍ന്ന ബഹിഷ്‌കരണാഹ്വാനം കളക്ഷനില്‍ പ്രതിഫലിച്ചെന്ന തരത്തിലുള്ള വിലയിരുത്തലുകളൊന്നും ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് വന്നിട്ടില്ല. ചിത്രത്തിന്റെ ഗൗരവസ്വഭാവമാകും ഭൂരിപക്ഷം പ്രേക്ഷകരെയും അകറ്റിയതെന്ന് ചിലര്‍ വിലയിരുത്തുന്നു. അതേസമയം ദീപികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമായുള്ള വിലയിരുത്തല്‍ ഇതിലെ കേന്ദ്ര കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്. ആസിഡ് അറ്റാക്ക് സര്‍വൈവര്‍ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 'ഛപാക്'.