ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം

ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ചുപ്പിന് റിലീസിന്‍റെ രണ്ടാം ദിനവും ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ച 23 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ നല്‍കിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഇന്ത്യന്‍ ഓപണിംഗ് കളക്ഷന്‍. ഇപ്പോഴിതാ രണ്ടാം ദിനമായ ശനിയാഴ്ചത്തെ ചിത്രത്തിന്‍റെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

ആദ്യദിവസത്തെ മികച്ച തുടക്കത്തിനു ശേഷം രണ്ടാം ദിനം ചിത്രം 2.07 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. മറ്റൊരു ട്രേഡ് അനലിസ്റ്റ് സുമിത് കദേലിന്റെ കണക്ക് പ്രകാരം 2.06 കോടിയാണ് ചിത്രത്തിന്‍റെ രണ്ടാം ദിനത്തിലെ നേട്ടം. റിലീസിനു മുന്‍പേ പ്രിവ്യൂ ഷോകളിലൂടെത്തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രമാണിത്. റിലീസിന് രണ്ട് ദിവസം മുന്‍പ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സിനിമാപ്രേമികള്‍ക്കായി അണിയറക്കാര്‍ സൌജന്യം പ്രിവ്യൂ ഷോകള്‍ നടത്തിയിരുന്നു. ഇത്തരം ഷോകള്‍ക്ക് നിരൂപകരെയും സിനിമാപ്രവര്‍ത്തകരെയും ക്ഷണിക്കുന്ന പതിവ് ഉപേക്ഷിച്ചാണ് പ്രദര്‍ശനം സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടി ആക്കിയത്.

Scroll to load tweet…

പ്രിവ്യൂകളിലൂടെത്തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി സൃഷ്ടിച്ച ചിത്രം ദേശീയ ചലച്ചിത്ര ദിനത്തില്‍ റിലീസ് ചെയ്തതും നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്തു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊക്കെ ഇന്നും ചിത്രത്തിന് വലിയ അളവില്‍ ഹൌസ്ഫുള്‍ ഷോകള്‍ ലഭിക്കുന്നുണ്ട്. ദുല്‍ഖറിന്‍റെ ബോളിവുഡ് സ്വീകാര്യതയില്‍ നാഴികക്കല്ല് ആയേക്കും ചിത്രമെന്നും വിലയിരുത്തലുകളുണ്ട്. ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം ദുല്‍ഖറിന്‍റെ പ്രകടനത്തിനും വലിയ കൈയടി ലഭിക്കുന്നുണ്ട്. 

ALSO READ : റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക് ഷാരൂഖ് ഖാന്‍റെ 'ജവാന്‍'; ഒടിടി, സാറ്റലൈറ്റ് റൈറ്റുകളിലൂടെ നേടിയത്

അതേസമയം ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസും ഹിന്ദിയില്‍ പുറത്തിറങ്ങാന്‍ പോവുകയാണ്. നെറ്റ്ഫ്ലിക്സിനു വേണ്ടി പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള സിരീസിന്‍റെ പേര് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്നാണ്. സിരീസിന്‍റെ ടീസര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. ദുല്‍ഖറിനൊപ്പം രാജ്‍കുമാര്‍ റാവുവും ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.