വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു കൂലി. പ്രഖ്യാപന സമയം മുതല്‍ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിരുന്നു. കോളിവുഡ് യുവതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്പി. എന്നാല്‍ ലോകേഷിന്‍റെ മുന്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം കൂലിക്ക് ലഭിച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എന്നാല്‍ ഓപണിംഗ് കളക്ഷനെ ഇത് ഒരു തരത്തിലും ബാധിച്ചില്ല. കാരണം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനത്തിലേക്ക് മാത്രമല്ല, ഞായര്‍ വരെയുള്ള ആദ്യ വാരാന്ത്യ ദിനങ്ങളിലേക്കും ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ ദിനങ്ങളിലെ കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

സണ്‍ പിക്ചേഴ്സ് പുറത്തുവിടുന്ന കൂലിയുടെ രണ്ടാമത്തെ ഒഫിഷ്യല്‍ കളക്ഷന്‍ ആണ് ഇത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷന്‍ നേരത്തെ അവര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 151 കോടി നേടി എന്നതായിരുന്നു അറിയിപ്പ്. ആദ്യ നാല് ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ദിനമായ വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിനങ്ങളില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 404 കോടിയില്‍ അധികം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ട്രാക്കര്‍മാര്‍ പറ‍ഞ്ഞതില്‍ നിന്ന് അല്‍പം ഉയര്‍ന്ന തുകയാണ് ഇത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കൂലിയുടെ ആദ്യ വാരാന്ത്യ ഗ്രോസ് 385 കോടിയാണ്. മറ്റൊരു പ്രധാന ട്രാക്കര്‍ ആയ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ ഗ്രോസ് 374 കോടിയുമാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍, ഏറ്റവും വേഗത്തില്‍ 300 കോടി ഗ്രോസ് മറികടക്കുന്ന തമിഴ് ചിത്രം, ഏറ്റവും വലിയ ആദ്യ വാരാന്ത്യ ഗ്രോസ് എന്നിവയൊക്കെ നിലവില്‍ കൂലിയുടെ പേരിലാണ്. അതേസമയം പ്രവര്‍ത്തി ദിനങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ നടത്തുന്ന പ്രകടനം എത്തരത്തിലുള്ളതായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News