14 നാണ് ചിത്രത്തിന്‍റെ റിലീസ്

വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന മറുഭാഷാ ചിത്രങ്ങള്‍ക്ക്, വിശേഷിച്ചും തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്. പലപ്പോഴും മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മുകളിലുള്ള ഓപണിംഗ് ആയിരിക്കും ബിഗ് ബജറ്റ്, സൂപ്പര്‍താര തമിഴ് ചിത്രങ്ങള്‍ക്ക് ഇവിടെനിന്നും ലഭിക്കുന്നത്. കോളിവുഡ് താരങ്ങളില്‍ വിജയ്‍ക്കും രജനികാന്തിനുമാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രം കൂലി അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ്.

സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെയുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 6.2 കോടിയാണ്. രജനികാന്തിന്‍റെ കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനാണ് ഇത്. റിലീസ് ദിനത്തില്‍ 5.85 കോടി നേടിയ ജയിലറെ മറികടന്നാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ കൂലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇത് കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന ഏറ്റവും മികച്ച ഒന്‍പതാമത്തെ ഓപണിംഗ് കളക്ഷനാണെന്നും ട്രാക്കര്‍മാര്‍ അറിയിക്കുന്നു.

അതേസമയം അഡ്വാന്‍സ് ബുക്കിംഗില്‍ എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കൂലി ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 20.8 കോടിയാണ്. ബ്ലോക്ക്ഡ് സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ 27.34 കോടി. വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്. ഓവര്‍സീസിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ നോര്‍ത്ത് അമേരിക്കയിലെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. 2.09 മില്യണ്‍ ഡോളര്‍ (18 കോടി രൂപ) ആണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍.

കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലിയോ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമല്ല ഇത്. മറിച്ച് ഇന്‍ഡിപെന്‍ഡന്‍റ് ചിത്രമാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര. സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിങ്ങനെ പോകുന്നു ചിത്രത്തിലെ താരനിര.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News