ഇന്നലെ രാവിലെ 10 മണിക്കായിരുന്നു കൂലിയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്
താരങ്ങള്‍ക്കൊപ്പം ഇന്നത്തെ പ്രേക്ഷകര്‍ സിനിമകളുടെ സംവിധായകരെയും ശ്രദ്ധിക്കാറുണ്ട്. ഒരു സിനിമ കാണേണ്ടതുണ്ടോ എന്ന അവരുടെ തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത് അഭിനേതാവും സംവിധായകനും ആരെന്നതും പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ സിനിമയെക്കുറിച്ച് മലസിലാക്കിയിരിക്കുന്ന കാര്യങ്ങളുമാണ്. സൂപ്പര്‍താരം അഭിനയിച്ചു എന്നതുകൊണ്ട് മാത്രം ഇന്ന് ഒരു സിനിമയും ഓടുന്നില്ല. അതേസമയം താരമൂല്യമില്ലാത്ത നല്ല ചിത്രങ്ങള്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതും ഇന്ന് അത്ഭുതമല്ല. അതേസമയം സൂപ്പര്‍താരത്തിനൊപ്പം ഒരു സൂപ്പര്‍ ഡയറക്ടര്‍ കൂടി വരുമ്പോള്‍ അത് ആ സിനിമയ്ക്ക് കൊടുക്കുന്നത് വന്‍ ബിസിനസ് ആണ്. ഇപ്പോഴിതാ ആ നിരയിലേക്ക് പുതിയൊരു ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയാണ് ആ ചിത്രം.
വിക്രത്തിനും ലിയോയ്ക്കും ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രം എന്നതും ലോകേഷിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതുമാണ് കൂലിയുടെ യുഎസ്‍പി. കാണികള്‍ എത്രത്തോളം ആവേശത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത് എന്നതിന്‍റെ തെളിവാണ് ഇന്നലെ ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളത്തിലും വന്‍ പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 10 മണിക്കായിരുന്നു കൂലിയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ത്തന്നെ വന്‍ പ്രതികരണമാണ് അതിന് ലഭിച്ചത്. രാത്രി 12 മണി വരെയുള്ള (ആദ്യ ദിനം) കണക്ക് പ്രകാരം കൂലി കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 4.11 കോടിയാണ്. മികച്ച സംഖ്യയാണ് ഇത്. കേരളത്തില്‍ ഓപണിംഗ് റെക്കോര്‍ഡ് ഇട്ട രണ്ട് ചിത്രങ്ങളുടെ (എമ്പുരാന്‍, ലിയോ) ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളുമായി താരതമ്യം ചെയ്താല്‍ അത് ഇങ്ങനെയാണ്.
ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന്‍റെ ആദ്യ ദിനം എമ്പുരാന്‍ കേരളത്തില്‍ നിന്ന് നേടിയത് 8.14 കോടി ആയിരുന്നു. ലോകേഷിന്‍റെ തന്നെ വിജയ് ചിത്രം ലിയോ നേടിയത് 5.86 കോടിയും ആയിരുന്നു. ലൂസിഫറിന്‍റെ സീക്വല്‍ എന്നതാണ് എമ്പുരാന് ഹൈപ്പ് ഉയര്‍ത്തിയതെങ്കില്‍ എല്‍സിയുവിന്‍റെ ഭാഗമായി വരുന്ന വിജയ് ചിത്രം എന്നതായിരുന്നു ലിയോയുടെ യുഎസ്‍പി.
അതേസമയം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് എമ്പുരാന്‍ ആകെ നേടിയത് (അഡ്വാന്‍സ് ബുക്കിംഗ് ഉള്‍പ്പെടെ) 14 കോടി ആയിരുന്നു. ലിയോ 12 കോടിയും. റിലീസിന് ഇനിയും അഞ്ച് ദിവസം അവശേഷിക്കുന്നു എന്നതിനാല്‍ കൂലിയുടെ ഫൈനല്‍ അഡ്വാന്‍സ് കളക്ഷന്‍ എവിടെവരെ എത്തും എന്നത് നിലവില്‍ പ്രവചനാതീതമാണ്. അതുപോലെ തന്നെ ഓപണിംഗ് കളക്ഷനും. പുലര്‍ച്ചെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം ചിത്രം വന്‍ ഇനിഷ്യല്‍ നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

