ചിത്രം നാളെ തിയറ്ററുകളില്‍
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായ രജനികാന്ത് ചിത്രം കൂലി നാളെ തിയറ്ററുകളില്‍ എത്തുകയാണ്. തമിഴ് സിനിമയിലെ യുവതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‌പി. ഒപ്പം നാഗാര്‍ജുന, ആമിര്‍ ഖാന്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വന്‍ താരനിരയും. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന കാത്തിരിപ്പ് എത്രയെന്നതിന് തെളിവാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിക്കൊണ്ടിരിക്കുന്ന കളക്ഷന്‍. റിലീസിന് ഒരു ദിവസം ശേഷിക്കെ ചിത്രം ഒരു പ്രധാന ബോക്സ് ഓഫീസ് റെക്കോര്‍ഡും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് ചിത്രം റിലീസിന് മുന്‍പേ നേടിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് കൂലി അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്ന ആദ്യ ദിന കളക്ഷന്‍ 80 കോടി പിന്നിട്ടിട്ടുണ്ട്. ഷങ്കറിന്‍റെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചറിനെ മറികടന്നാണ് ഈ നേട്ടം. 80 കോടി ആയിരുന്നു ഗെയിം ചേഞ്ചറിന്‍റെ ഓപണിംഗ് കളക്ഷന്‍. രണ്ടാം സ്ഥാനത്ത് മലയാള ചിത്രം എമ്പുരാന്‍ ആയിരുന്നു. 67.5 കോടി ആയിരുന്നു എമ്പുരാന്‍ നേടിയ ആദ്യ ദിന കളക്ഷന്‍.
കൂലി അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 35 കോടിയില്‍ അധികമാണ്. വിദേശത്തുനിന്ന് 45 കോടിയില്‍ അധികവും. നാളത്തെ ദിനം പിന്നിടുമ്പോഴേക്കും ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടിയില്‍ അധികം നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം ആദ്യ വാരാന്ത്യത്തിലെ ചിത്രത്തിന്‍റെ ആഗോള അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം 100 കോടി പിന്നിട്ടിട്ടുണ്ട്. ഇതും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. എക്കാലത്തേതിലും ഉയര്‍ന്ന കളക്ഷനുകളില്‍ ഒന്നും.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം രജനികാന്തിന്‍റെ കരിയറിലെ മാത്രമല്ല, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി കൂലി മാറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പക്ഷം.

