ജാപ്പനീസ് അനിമെ ചിത്രം 'ഡെമോണ്‍ സ്ലെയര്‍: കിമെത്സു നോ യൈബ - ദി മൂവി: ഇന്‍ഫിനിറ്റി കാസിലി'ന് കേരളത്തിലെ തിയറ്ററുകളില്‍ മികച്ച പ്രതികരണം. ഒരേ ദിവസം റിലീസ് ചെയ്ത മലയാളം, തെലുങ്ക് ചിത്രങ്ങളെ മറികടന്നു
പ്രേക്ഷകരുടെ മാറുന്ന അഭിരുചി ചിലപ്പോഴൊക്കെ തിയറ്റര്‍ വ്യവസായത്തെ അമ്പരപ്പിക്കാറുണ്ട്. ഇന്ത്യന്‍ തിയറ്റര്‍ വ്യവസായത്തെ ഏറ്റവുമൊടുവില്‍ അമ്പരപ്പിക്കുന്നത് ഒരു വിദേശ ചിത്രമാണ്. വിദേശ ചിത്രമെന്ന് കേള്‍ക്കുമ്പോള്‍ ഹോളിവുഡ് എന്ന് കരുതേണ്ട. ഒരു ജാപ്പനീസ് അനിമെ ചിത്രമാണ് കേരളത്തിലെ അടക്കം യുവാക്കളെ തിയറ്ററുകളിലേക്ക് കൂട്ടം കൂട്ടമായി എത്തിക്കുന്നത്. ഡെമോണ്‍ സ്ലെയര്‍: കിമെത്സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍ എന്ന ചിത്രമാണ് ഇന്നലെ ഇന്ത്യയും അമേരിക്കയും അടക്കമുള്ള മാര്‍ക്കറ്റുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍ കണക്കുകളും എത്തിയിട്ടുണ്ട്. ഏറെ കൗതുകകരവുമാണ് അത്.
ജാപ്പനീസ് അനിമെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നേരത്തേ ആരാധകരുണ്ട്. അതിനാല്‍ അത്തരം ചിത്രങ്ങള്‍ക്ക് ഇവിടെ റിലീസും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്‍ഫിനിറ്റി കാസിലിന് ലഭിച്ചതുപോലെ ഒരു റിലീസ് ഇന്ത്യയില്‍ മുന്‍പ് ഒരു ജാപ്പനീസ് അനിമെ ചിത്രത്തിനും ലഭിച്ചിട്ടില്ല. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ റിലീസിന് ലഭിച്ചത്. കേരളത്തിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്നലെ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമത് ഇന്‍ഫിനിറ്റി കാസില്‍ ആണ്. ഒരു മലയാള ചിത്രത്തെയും തെലുങ്ക് ചിത്രത്തെയും ബഹുദൂരം മറികടന്നാണ് ഈ നേട്ടം എന്നതും കൗതുകകരമാണ്.
ബിഗ് ബോസ് മുന്‍താരം അഖില്‍ മാരാര്‍ നായകനായ മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി, തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം മിറൈ എന്നിവയെയാണ് കേരളത്തില്‍ ഇന്‍ഫിനിറ്റി കാസില്‍ റിലീസ് ദിനത്തില്‍ മറികടന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി കേരളത്തില്‍ റിലീസ് ദിനത്തില്‍ നേടിയത് 2.15 ലക്ഷമാണ്. മിറൈ നേടിയത് 6.6 ലക്ഷവും. അതേസമയം ഡെമോണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍ കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയിരിക്കുന്നത് 91 ലക്ഷമാണ്. ഒരു ജാപ്പനീസ് അനിമെ ചിത്രം കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്.
അതേസമയം ചിത്രത്തിനും ഇന്നും നാളെയും മികച്ച ബുക്കിംഗ് ആണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ആദ്യ വാരാന്ത്യ കളക്ഷനില്‍ ചിത്രം വലിയ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്. ജാപ്പനീസ് അനിമെ ചിത്രങ്ങളുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് ഇന്‍ഫിനിറ്റി കാസില്‍ വലിയ രീതിയില്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

