രണ്‍വീര്‍ സിം​ഗ് നായകനായ ബോളിവുഡ് ചിത്രം ധുരന്ദര്‍ ഇന്ത്യയിലുടനീളം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

ബോളിവുഡ് ചിത്രങ്ങളുടെ വലിയ മാര്‍ക്കറ്റ് അല്ല കേരളം. ഇവിടെ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ കുറവാണ്. എന്നാല്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ സാന്നിധ്യം ഇല്ലെങ്കിലും ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടുന്ന ചില ചിത്രങ്ങള്‍ ഇവിടെയും പ്രേക്ഷകരെ നേടാറുണ്ട്. ബോളിവുഡില്‍ സമീപകാലത്ത് മികച്ച അഭിപ്രായം ലഭിച്ച ഒരു ബി​ഗ് ബജറ്റ് ചിത്രം രണ്‍വീര്‍ സിം​ഗ് നായകനായ ധുരന്ദര്‍ ആണ്. പ്രേക്ഷകരും നിരൂപകരും ഒരേപോലെ പോസിറ്റീവ് പറഞ്ഞ ചിത്രം. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് 159.40 കോടി നെറ്റ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ചര്‍ച്ചയായിരുന്നു. സിനിമാ​ഗ്രൂപ്പുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളും എത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ചിത്രം ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയോ? ധുരന്ദര്‍ കേരളത്തില്‍ ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയത് ഒരു കോടിയോളമാണ് (99 ലക്ഷം). രണ്‍വീര്‍ സിം​ഗ് നായകനായ ഒരു ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്. ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആദിത്യ ധര്‍ ആണ് ധുരന്ദറിന്‍റെ സംവിധായകന്‍. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറ അര്‍ജുന്‍ ആണ് നായിക. ദി റാത്ത് ഓഫ് ഗോഡ് എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍റ് ആയാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. ഐഎസ്ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം വികാഷ് നൗലാഖ, എഡിറ്റർ ശിവകുമാർ വി പണിക്കർ, സംഗീതം ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ സെയ്‍നി എസ് ജോഹറായ്, വസ്ത്രാലങ്കാരം സ്‌മൃതി ചൗഹാൻ, ആക്ഷൻ എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം വിജയ് ഗാംഗുലി.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections