Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ മത്സരങ്ങള്‍ കളക്ഷനെ ബാധിച്ചോ? സല്‍മാന്റെ 'ഭാരത്' അഞ്ച് ദിവസംകൊണ്ട് നേടിയത്

പെരുന്നാള്‍ ദിനമായിരുന്ന അഞ്ചാം തീയ്യതി ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും (എതിരാളി ദക്ഷിണാഫ്രിക്ക) അന്നുതന്നെ ആയിരുന്നു. ഒരു പുതിയ ചിത്രത്തിന് ഏറ്റവുമധികം കളക്ഷന്‍ വരുന്ന രണ്ട് ദിനങ്ങള്‍ റിലീസ് ദിവസവും ആദ്യ ഞായറാഴ്ചയുമാണ്. റിലീസ് ദിനത്തിന് പിന്നാലെ ആദ്യ ഞായറാഴ്ചയും ലോകകപ്പില്‍ ഇന്ത്യയുടെ മത്സരമുണ്ടായിരുന്നു.
 

did indias world cup matches affect the collection of salman khans bharat
Author
Thiruvananthapuram, First Published Jun 10, 2019, 10:59 PM IST

ബോളിവുഡ് ബോക്‌സ് ഓഫീസ് എപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രങ്ങളാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഈദ് റിലീസുകള്‍. 'സുല്‍ത്താനും' 'ഏക് ഥാ ടൈഗറും' 'റേസ് 3'യുമൊക്കെ ഈദിനെത്തി ബോക്‌സ്ഓഫീസിനെ പിടിച്ചുകുലുക്കിയ ചിത്രങ്ങളാണ്. ഈ പെരുന്നാളിനും ഒരു സല്‍മാന്‍ ഖാന്‍ ചിത്രം റിലീസ് ഉണ്ടായിരുന്നു. വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയുമായി തീയേറ്ററുകളിലെത്തിയ 'ഭാരത്'. ടൈഗര്‍ സിന്ദാ ഹെയും സുല്‍ത്താനുമൊക്കെ ഒരുക്കിയ അലി അബ്ബാസ് സഫര്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് അടുത്തപ്പോള്‍ പക്ഷേ ഒരു ഭീഷണി മുന്നിലെത്തി. ലോകകപ്പ് ക്രിക്കറ്റ്!

പെരുന്നാള്‍ ദിനമായിരുന്ന അഞ്ചാം തീയ്യതി ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും (എതിരാളി ദക്ഷിണാഫ്രിക്ക) അന്നുതന്നെ ആയിരുന്നു. ഒരു പുതിയ ചിത്രത്തിന് ഏറ്റവുമധികം കളക്ഷന്‍ വരുന്ന രണ്ട് ദിനങ്ങള്‍ റിലീസ് ദിവസവും ആദ്യ ഞായറാഴ്ചയുമാണ്. റിലീസ് ദിനത്തിന് പിന്നാലെ ആദ്യ ഞായറാഴ്ചയും ലോകകപ്പില്‍ ഇന്ത്യയുടെ മത്സരമുണ്ടായിരുന്നു. എതിരാളി ഓസ്‌ട്രേലിയ. ഒരു സിനിമ തീയേറ്ററുകളിലെത്തിയാല്‍ അതിന്റെ ആദ്യ ആഴ്ചത്തെ പ്രേക്ഷകരിലും ക്രിക്കറ്റ് പ്രേമികളിലും പ്രബലവിഭാഗം ചെറുപ്പക്കാരാണ്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ 'ഭാരതി'ന്റെ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ബോളിവുഡ്. ഇപ്പോഴിതാ ആ ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. ചിത്രത്തിന്റെ ഞായറാഴ്ച വരെയുള്ള കളക്ഷനും പുറത്തുവന്നിരിക്കുന്നു. 

did indias world cup matches affect the collection of salman khans bharat

ലോകകപ്പ് 'ഭാരതി'ന്റെ കളക്ഷനെ ബാധിച്ചിരിക്കാമെങ്കിലും സിനിമയ്ക്ക് കിട്ടാനുള്ളത് കിട്ടി എന്ന വിലയിരുത്തലിലാണ് ബോളിവുഡ്. കാരണം സല്‍മാന്‍ ചിത്രം ഇത്തവണയും ബോക്‌സ്ഓഫീസില്‍ ചില മാജിക്കൊക്കെ കാട്ടിയിട്ടുണ്ട്. സല്‍മാന്റെ ഇതുവരെയുള്ള പെരുന്നാള്‍ റിലീസുകളില്‍ ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഭാരത് നേടിയത്-42.30 കോടി. സുല്‍ത്താനെക്കാളും (36.54 കോടി) ഏക് ഥാ ടൈഗറിനെക്കാളും (32.93) മേലെയാണ് ഇത്. പോരാത്തതിന് ഈ വര്‍ഷത്തെ ബോളിവുഡ് റിലീസുകളില്‍ ഏറ്റവും വലിയ ആദ്യദിന കളക്ഷനുമാണ് ഇത്. അതായത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കളക്ഷനില്‍ കുറവ് വരുത്തിയിരിക്കാമെങ്കിലും വലിയ പരുക്ക് ഏല്‍പ്പിച്ചിട്ടില്ല.

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നടന്ന ഞായറാഴ്ച ഭാരത് നേടിയ കളക്ഷന്‍ 27.90 കോടിയാണ്. റിലീസ് ദിനത്തിലെ മത്സരം കളക്ഷനെ കാര്യമായി ബാധിച്ചില്ലെങ്കിലും ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കളക്ഷനില്‍ കുറവ് വരുത്തിയതായാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം. ദിവസം തിരിച്ചുള്ള കളക്ഷന്‍ താഴെ.

ബുധന്‍- 42.30 കോടി

വ്യാഴം- 31 കോടി

വെള്ളി- 22.20 കോടി

ശനി- 26.70 കോടി

ഞായര്‍- 27.90 കോടി

എന്നാല്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആകെ 150 കോടി (150.10 കോടി) പിന്നിട്ടിട്ടുണ്ട് ചിത്രം. തിങ്കളാഴ്ചയോടെ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗ്രോസ് നേടുമെന്നാണ് കരുതപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios