നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന കോമഡി എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു

ഇന്നത്തെ തമിഴ് സിനിമാലോകത്ത് യുവതാരനിരയില്‍ നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന നടന്മാരില്‍ പ്രധാനിയാണ് ശിവകാര്‍ത്തികേയന്‍. പാണ്ടിരാജിന്‍റെ സംവിധാനത്തില്‍ 2012ല്‍ തിയറ്ററുകളിലെത്തിയ മറീനയിലൂടെ അരങ്ങേറിയ ശിവകാര്‍ത്തികേയന് ആദ്യ ബ്രേക്ക് നല്‍കിയത് 2013ല്‍ പുറത്തെത്തിയ വരുതപ്പെടാത്ത വാലിബര്‍ സംഗം എന്ന ചിത്രമായിരുന്നു. പിന്നീടിങ്ങോട്ട് വിജയങ്ങളിലൂടെ താരമൂല്യം ഉയര്‍ത്തുന്ന ശിവകാര്‍ത്തികേയനെയാണ് ചലച്ചിത്രലോകം കണ്ടത്. ഇപ്പോഴിതാ ശിവകാര്‍ത്തികേയന്‍റെ ഈ വര്‍ഷത്തെ ഏക റിലീസ് ആയ ഡോണിന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന കോമഡി എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു. സിനിട്രാക് പുറത്തുവിട്ട കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഫൈനല്‍ ആഗോള ഗ്രോസ് 122.5 കോടിയാണ്. ഷെയര്‍ 59.25 കോടിയും. തമിഴ്നാട്ടില്‍ നിന്നു മാത്രം 81.75 കോടി ഗ്രോസും 42 കോടി ഷെയറുമാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് ഒരു കോടി ഗ്രോസും 40 ലക്ഷം ഷെയറും. ഇത് ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് ബോക്സ് ഓഫീസ് ആണെന്നും സിനിട്രാക് പറയുന്നു.

Scroll to load tweet…

ഡോക്ടറിന്‍റെ വന്‍ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചയാളാണ് സിബി ചക്രവര്‍ത്തി. പ്രിയങ്ക മോഹന്‍ നായികയാവുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, സമുദ്രക്കനി, സൂരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം കെ എം ഭാസ്‍കരനാണ്. എഡിറ്റിംഗ് നഗൂരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ ഉദയ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, നൃത്തസംവിധാനം ഷോബി, സാന്‍ഡി, ബൃന്ദ, പോപ്പി, ലൈക്ക പ്രൊഡക്ഷന്‍സ്, ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സുഭാസ്‍കരനും ശിവകാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ : 'പൂവേ നിന്‍ മിഴിയിതള്‍'; 'കുടുക്ക് 2025' വീഡിയോ സോംഗ്