മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ റീമേക്ക് 

കൊവിഡിനു ശേഷം ഇന്ത്യയിലെ മറ്റു ഭാഷാ സിനിമാ വ്യവസായങ്ങളൊക്കെയും തകര്‍ച്ചയില്‍ നിന്ന് കരകയറിയെങ്കിലും ബോളിവുഡിന് ഇനിയും അത് പൂര്‍ണ്ണമായും സാധിച്ചിട്ടില്ല. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ബോളിവുഡിന് ആശ്വാസം പകര്‍ന്നത് ഭൂല്‍ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ റീമേക്ക് തന്നെയാണ് ഈ ചിത്രം.

3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്‍തത്. റിലീസ് ചെയ്യപ്പെട്ട വെള്ളിയാഴ്ച മാത്രം 15.38 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിലെ കണക്കാണ് ഇത്. യുഎസ്, യുഎഇ, യുകെ, ഓസ്ട്രേലിയ തുടങ്ങി റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. യുഎസിലും കാനഡയിലുമായി 2.49 ലക്ഷം ഡോളറും യുഎഇ- ജിസിസി മാര്‍ക്കറ്റുകളില്‍ നിന്ന് 2.59 ലക്ഷം ഡോളറും യുകെയില്‍ നിന്ന് 41,000 ഡോളറും ഓസ്ട്രേലിയയില്‍ നിന്ന് 61,000 ഡോളറുമാണ് ചിത്രം നേടിയിരിക്കുന്നത്. ആകെ 7.01 ലക്ഷം ഡോളര്‍. അതായത് 5.71 കോടി രൂപ. മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Scroll to load tweet…

അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

ALSO READ : 'സാറ്റര്‍ഡേ നൈറ്റി'ലെ മനോഹര മെലഡി: വീഡിയോ സോംഗ്