വൻ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ദൃശ്യം 3 ബോക്സ് ഓഫീസില്‍ ഒരു വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്

മലയാളത്തില്‍ ഏറെ പ്രത്യേകതകളുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ദൃശ്യം. ഇത്രയധികം റീമേക്കുകള്‍ പല ഭാഷകളില്‍ സംഭവിച്ച മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉണ്ടാവില്ല. അതിന്‍റെ മൂന്നാം ഭാഗം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ദൃശ്യം 3. പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. മോളിവുഡിലെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി 11 ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. വന്‍ പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ ബോക്സ് ഓഫീസില്‍ പല നേട്ടങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. അതില്‍ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു നേട്ടവുമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

റിലീസിന് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ബജറ്റ് റിക്കവറി നടത്തിയിരിക്കുകയാണ് ചിത്രം എന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ട്രാക്കര്‍ ആയ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം ബജറ്റ് റിക്കവറിക്ക് വേണ്ടി ചിത്രം നേടേണ്ടിയിരുന്ന ആഗോള ഗ്രോസ് 35 കോടിയാണ്. ഷെയര്‍ ആവട്ടെ 16.10 കോടിയും. എന്നാല്‍ ആദ്യ ഷോ ആരംഭിച്ച 8 മണിക്ക് മുന്‍പ് ഇതിനേക്കാള്‍ കൂടുതല്‍ ചിത്രം നേടി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ച ഗ്രോസ് 48.41 കോടിയും ഷെയര്‍ 23.28 കോടിയുമാണ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് റിവ്യൂസ് എത്തിയപ്പോള്‍ ബുക്ക് മൈ ഷോയിലും അത് പ്രതിഫലിച്ചു. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 41,000 ന് മുകളില്‍ ടിക്കറ്റുകള്‍ ചിത്രം വിറ്റു. നിലവില്‍ മണിക്കൂറില്‍ 28,000 ന് മുകളിലാണ് വില്‍പ്പന.

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യം ഏപ്രില്‍ 2 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും തിയറ്ററുകളില്‍ ഇന്ന് തന്നെ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ വലിയ വിപണിമൂല്യം തിരിച്ചറിഞ്ഞ് ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ പെന്‍ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ആശിര്‍വാദ് സിനിമാസുമായി സഹകരിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ഓപണിംഗ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming