റിലീസിന് 11 ദിവസം മുൻപേ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു

മലയാള സിനിമയിലെ പ്രധാന നിര്‍മ്മാതാക്കളിലൊരാളാണ് ആന്‍റണി പെരുമ്പാവൂര്‍. ബി​ഗ് കാന്‍വാസ് സിനിമകള്‍ക്ക് വേണ്ടി സ്പെന്‍ഡ് ചെയ്യാന്‍ മടിയില്ലാത്ത നിര്‍മ്മാതാവ്. ആന്‍റണിയുടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമകള്‍ പുതിയ പല മാര്‍ക്കറ്റുകളും കണ്ടെത്തിയത്. ഇപ്പോഴിതാ അവരുടെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 കൃത്യമായി റിലീസ് പ്ലാനിലൂടെ വലിയ നേട്ടമുണ്ടാക്കുകയാണ്. രണ്ടും മൂന്നും ദിവസം മുന്‍പാണ് സാധാരണ മലയാള സിനിമകളുടെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിക്കുകയെങ്കില്‍ ദൃശ്യം 3 ന്‍റെ ബുക്കിം​ഗ് റിലീസിന് 11 ദിവസം മുന്‍പേ ആരംഭിച്ചു. എല്ലാ സ്ഥലത്തും ആദ്യം മുതലേ ചിത്രത്തിന് തിയറ്ററുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നലെയോടെ നിരവധി പുതിയ സ്ക്രീനുകളും ചാര്‍ട്ട് ചെയ്യപ്പെട്ടു. ആന്‍റണി പെരുമ്പാവൂര്‍ കണക്ക് കൂട്ടിയതിലും അധികമാണ് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കളക്ഷന്‍.

Add Asianetnews as a Preferred SourcegooglePreferred

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. രാവിലെ 8 മണിക്കാണ് ആദ്യ പ്രദര്‍ശനം ആരംഭിക്കുക. ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ് അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ദൃശ്യം 3 സമാഹരിക്കുക 20 കോടിക്കും 25 കോടിക്കും ഇടയില്‍ ആയിരിക്കുമെന്ന് ആയിരുന്നു ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ ആരാധകര്‍ എക്സില്‍ സംഘടിപ്പിച്ച സ്പേസ് ചര്‍ച്ചയില്‍ പങ്കെടുക്കവെ ആയിരുന്നു ആന്‍റണി ഈ പ്രതീക്ഷ പങ്കുവച്ചത്. എന്നാല്‍ അദ്ദേഹം കണക്കുകൂട്ടിയതിനേക്കാള്‍ അധികമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്ന കളക്ഷന്‍.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തില്‍ റിലീസ് ദിനത്തിലേക്കുള്ള ബുക്കിം​ഗില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 7.35 കോടിയാണ്. ആദ്യ വാരാന്ത്യത്തിലേക്ക് മുഴുവനും ഉള്ളതാവട്ടെ 12 കോടിക്ക് അടുത്തും. ആ​ഗോള തലത്തില്‍ ആദ്യ ദിനത്തിലേക്കുള്ള ബുക്കിം​ഗ് 26.50 കോടിയും ആദ്യ വാരാന്ത്യം കണക്കാക്കുമ്പോള്‍ 37 കോടിയും ആണ്. റിലീസിന് മുന്‍പ് ചിത്രം ആദ്യ ദിനത്തിലേക്കുള്ള അഡ്വാന്‍സ് ബുക്കിം​ഗിലൂടെ 32- 35 കോടി നേടുമെന്നും ആദ്യ വാരാന്ത്യത്തിലേക്ക് 45- 50 കോടി നേടുമെന്നുമാണ് ട്രാക്കര്‍മാരുടെ പ്രതീക്ഷ. ആദ്യ ഷോയ്ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസിന്‍റെ കാര്യത്തില്‍ നിര്‍മ്മാതാവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. ആദ്യ ഷോയ്ക്കായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി മൊത്തത്തില്‍.

Asianet News Live | Kerala Breaking News | Malayalam News | HD Live 24x7 Streaming