റിലീസിന് രണ്ടാഴ്ച മുൻപ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയത്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇന്‍ഡസ്ട്രി ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് ദൃശ്യം 3. മലയാളത്തില്‍ മാത്രമല്ല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരിലും ആ കാത്തിരിപ്പ് ഉണ്ട്. അത്രയധികം മറുഭാഷാ റീമേക്കുകള്‍ ഉണ്ടായ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്നതുതന്നെ അതിന് കാരണം. മെയ് 21 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ശരിക്കും ആവേശം ഉണ്ടാക്കുന്നുണ്ടോ പ്രേക്ഷകര്‍ക്കിടയില്‍? ഇപ്പോഴിതാ അതിനുള്ള സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നുള്ള സംഖ്യയാണ് അത്.
ഇന്ത്യയില്‍ ഔദ്യോഗികമായ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും ചില വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിന് രണ്ടാഴ്ച ശേഷിക്കെത്തന്നെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ റിലീസ് ദിന ഫാന്‍സ് ഷോകളുും ഹൗസ്‍ഫുള്‍ ആയി തുടങ്ങിയിട്ടുണ്ട്. വിദേശ മാര്‍ക്കറ്റുകളില്‍ പ്രീമിയര്‍ ഷോകളുടെയും റിലീസ് ദിന ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റതില്‍ നിന്ന് ചിത്രം 75,000 ഡോളര്‍ (70.8 ലക്ഷം രൂപ) പിന്നിട്ടതായി ട്രാക്കറായ ജെറിന്‍ ജോര്‍ജുകുട്ടി അറിയിക്കുന്നു. ആദ്യ വാരാന്ത്യത്തിലേക്കുള്ള വിദേശ ബുക്കിംഗ് 1.15 ലക്ഷം ഡോളര് ആണെന്നും. കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റ് വില്‍പ്പന കൂടി പരിഗണിച്ചാല്‍ ദൃശ്യം 3 ഇതിനകം നേടിയിരിക്കുന്നത് 1.50 കോടിയാണ്. ഇന്നലെ പുറത്തെത്തിയിരിക്കുന്ന കണക്കാണ് ഇത്.
കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ, അതും രണ്ടാഴ്ചയ്ക്ക് മുന്‍പ് ഇത്രയും നേടുക എന്നതില്‍ നിന്ന് ദൃശ്യം 3 സിനിമാപ്രേമികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന ആവേശം വ്യക്തമാണ്. ഓപണിംഗില്‍ ചിത്രം എത്രത്തോളം നേടും എന്നതാണ് ഇന്‍ഡസ്ട്രി കാത്തിരിക്കുന്ന മറ്റൊരു കാര്യം. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം എമ്പുരാന്‍റെ ഓപണിംഗ് റെക്കോര്‍ഡ് പോലും മറികടക്കുന്ന ചിത്രമാവാന്‍ കഴിയുന്ന ഒന്നായാണ് ദൃശ്യം 3 വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത് അറിയാന്‍ മെയ് 21 വരെ കാത്തിരിക്കണമെന്ന് മാത്രം. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനം കൂടിയാണ് മെയ് 21. നേരത്തെ ഏപ്രില്‍ 2 ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. ചിത്രത്തിന്‍റെ വിപണിമൂല്യം തിരിച്ചറിഞ്ഞ് ബോളിവുഡില്‍ നിന്നുള്ള പ്രമുഖ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

