സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ദൃശ്യം 3 ബോക്സ് ഓഫീസിൽ വൻ വിജയം നേടി

മലയാളത്തില്‍ ഒരു ചിത്രത്തിനുമില്ലാത്ത പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ദൃശ്യം 3. എന്താണ് അതിന് കാരണമെന്ന് ഒരു സിനിമാപ്രേമിയും ചോദിക്കില്ല. കാരണം ഇത്രയധികം മറുഭാഷാ റീമേക്കുകള്‍ വന്ന മറ്റൊരു മലയാളം ചിത്രമോ ഫ്രാഞ്ചൈസിയോ ദൃശ്യത്തിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന മെയ് 21 ന് ആയിരുന്നു ദൃശ്യം 3 ന്‍റെ റിലീസ്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒരേപോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു. എന്നാല്‍ അതൊന്നും ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചില്ല എന്ന് മാത്രമല്ല, ചില റെക്കോര്‍ഡ് ബുക്കുകളിലേക്കും ചിത്രം നടന്നുകയറി. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദൃശ്യം 3.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തില്‍ എക്കാലത്തെയും വലിയ അഞ്ചാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്. വാഴ 2 നെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാഴ 2 ന്‍റെ ആഗോള ഫൈനല്‍ കളക്ഷന്‍ 236 കോടി ആയിരുന്നു പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ദൃശ്യം 3 ഇതിനകം നേടിയിരിക്കുന്നത് 237 കോടിയാണ്. ചിത്രം 21 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയെന്നാണ് ചില ട്രാക്കര്‍മാര്‍ പറയുന്നത്. സമ്മിശ്ര അഭിപ്രായം നേടിയ ഒരു ചിത്രം ഇത്ര വലിയ കളക്ഷനിലേക്ക് എത്തി എന്നത് ദൃശ്യം ഫ്രാഞ്ചൈസിയുടെ ജനപ്രീതിക്ക് ഏറ്റവും വലിയ തെളിവാണ്.

അതേസമയം ആഗോള ഗ്രോസും മറ്റ് ബിസിനസുകളും ചേര്‍ത്ത് ചിത്രം ഇതിനകം എത്ര നേടി എന്നത് പുതുതായി പുറത്തിറക്കിയ പോസ്റ്ററുകളില്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്. 330 കോടി ചിത്രം നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന് നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് കേരളത്തില്‍ ലഭിച്ചിരിക്കുന്നത്. നാലാം വാരത്തിലെ തിയറ്റര്‍ ലിസ്റ്റും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. മലയാളം ഒറിജിനലിനൊപ്പം അതിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു. മലയാളത്തില്‍ ആദ്യമായി ആയിരുന്നു ഇത്തരത്തില്‍ ഒരു റിലീസ്.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്